ദാമ്പത്യ തർക്കങ്ങളെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ. ഭാര്യയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് ആവർത്തിച്ച് അടിച്ചാണ് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ തലയിൽ ഗുരുതരമായ പരിക്കേൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ദാമ്പത്യ തർക്കങ്ങളെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചു. സാൽമി ഏരിയയിലെ വീട്ടിൽ വെച്ച് ഭാര്യയെ മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഇന്ത്യക്കാരന് കുവൈത്തിലെ ക്രിമിനൽ കോടതി വധശിക്ഷവിധിച്ചത്.

ജഡ്ജി നായെഫ് അൽ-ദഹൂമാണ് വിധി പ്രസ്താവിച്ചത്. കേസ് രേഖകൾ പ്രകാരം, പ്രതി ഭാര്യയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് ആവർത്തിച്ച് അടിച്ചാണ് കൊലപ്പെടുത്തിയത്. ഈ ആക്രമണത്തിൽ യുവതിക്ക് തലയിൽ ഗുരുതരമായ പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ അധികൃതർ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി ക്രിമിനൽ കോടതിക്ക് കൈമാറുകയും ചെയ്തു. കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് കോടതി വധശിക്ഷാ വിധി പുറപ്പെടുവിച്ചത്.