തൊഴിൽ മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം സാധിച്ചതായും തൊഴിൽ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
ദോഹ: 2025ന്റെ രണ്ടാം പാദത്തിൽ രാജ്യത്തെ ഇലക്ട്രോണിക് സേവന മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായതായി ഖത്തർ തൊഴിൽ മന്ത്രാലയം. നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനും സേവന ഗുണനിലവാരവും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്തുന്നതിനുമായി തൊഴിൽ മന്ത്രാലയം നടപ്പിലാക്കുന്ന ഡിജിറ്റൽ പരിവർത്തന തന്ത്രത്തിന്റെ ഫലമായാണ് ഈ നേട്ടം.
തൊഴിൽ മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം സാധിച്ചതായും തൊഴിൽ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. സുതാര്യവും സുരക്ഷിതവുമായ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇക്കാലയളവിൽ സാധിച്ചു. തൊഴിൽ മേഖലയിലെ കണക്കുകൾ ഉൾക്കൊള്ളുന്ന സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സമർപ്പിച്ച അപേക്ഷകളുടെ എണ്ണവും സ്ഥാപനങ്ങളിലുടനീളമുള്ള പരിശോധനാ ഫലങ്ങളും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇലക്ട്രോണിക് സേവനം, ഫീൽഡ് വർക്ക് എന്നീ മേഖലകളിൽ ഗണ്യമായ വർധനവുണ്ടായി. വർക്ക് പെർമിറ്റ് വിഭാഗത്തിൽ 1,598,159 അപേക്ഷകളാണ് ലഭിച്ചത്.
അതിൽ ജനറൽ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനുള്ള 1,012,750 അപേക്ഷകളും പ്രത്യേക വർക്ക് പെർമിറ്റുകൾക്കുള്ള 73,216 അപേക്ഷകളും (കുടുംബ സ്പോൺസർഷിപ്പ്/ജിസിസി നാഷണൽ/നിക്ഷേപകൻ/പ്രോപ്പർട്ടി ഗുണഭോക്താവ് മുതലായവ) ഉൾപ്പെടുന്നു. 71,310 അപേക്ഷകളാണ് പുതിയ സ്ഥാപന രജിസ്ട്രേഷനായി പരിഗണിച്ചത്. തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് തൊഴിൽ തർക്ക പരിഹാര സമിതികൾക്ക് റഫർ ചെയ്ത 1593 പരാതികളിൽ 1484 എണ്ണം പരിഹരിച്ചു. തൊഴിൽ നിയമം ലംഘിച്ച 723 കമ്പനികൾക്കെതിരെ നിയമ നടപടി കൈക്കൊണ്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമേ തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ വിവിധ സ്ഥാപനങ്ങളിലും തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും വ്യാപക പരിശോധനയും നടത്തി.
