പാരിസ്ഥിതിക വ്യവസ്ഥക്ക് ആഘാതമേൽപ്പിക്കുന്ന അധിനിവേശ പക്ഷികളെ രാജ്യത്ത് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു.
ദോഹ: രാജ്യത്തെ പാരിസ്ഥിതിക വ്യവസ്ഥക്ക് ആഘാതമേൽപ്പിക്കുന്ന നുഴഞ്ഞുകയറ്റക്കാരായ മൈന പക്ഷികളെ തുരത്താൻ പൊതുജനങ്ങളുടെ സഹായം തേടി ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. മൈനയുടെ വ്യാപനം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവയുടെ എണ്ണം നിയന്ത്രിക്കുന്നതിനായും സംഘടിപ്പിച്ച കാമ്പയിനിലാണ് പൊതുജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടത്. മൈനകളെ തുരത്താൻ പൊതുജനങ്ങൾക്കായുള്ള മാർഗനിർദേശങ്ങൾ എക്സ് പോസ്റ്റിലൂടെ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. വ്യാപനം തടയാൻ സഹായിക്കുന്നതിന് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഈ വിവരങ്ങൾ പങ്കിടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
മൈനയെ തുരത്താൻ പൊതുജനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ:
മൈനകളെ കൂട്ടമായി കാണുകയോ അവ കൂടുകെട്ടുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണം. ഇതിലൂടെ വിദഗ്ധ സംഘത്തിന് മൈനകളുടെ വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും സാധിക്കും. താമസക്കാർമൈനകൾക്ക് ഭക്ഷണം നൽകരുത്. തുറസ്സായ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകിയ ശേഷം അവശേഷിക്കുന്നവ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാലിന്യനിക്ഷേപ പെട്ടികൾ മൂടി വയ്ക്കുകയും വേണം. വീടിന്റെ ഭിത്തികളിലും മേൽക്കൂരകളിലും സമീപത്തെ മരങ്ങളിലും മൈനകൾക്ക് കൂടുകൂട്ടാനുള്ള സാധ്യതയില്ലെന്ന് ഉറപ്പാക്കണം. ഭിത്തികളിലെയും മേൽക്കൂരകളിലെയും ദ്വാരങ്ങൾ അടയ്ക്കുന്നതും മരങ്ങളിലെ ഉണങ്ങിയ ചില്ലകൾ നീക്കുന്നതും ഇവ കൂടു വയ്ക്കുന്നത് തടയാൻ സഹായകമാകും.
മൈനകളെ പിടികൂടാനായി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കൂടുകളും കെണികളും പൊതുജനങ്ങൾ നശിപ്പിക്കുകയോ തുറക്കുകയോ ചെയ്യരുത്. പിടികൂടിയ പക്ഷികളെ ഉചിതമായ രീതിയിൽ വിദഗ്ധ സംഘം കൈകാര്യം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്റർനാഷണൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വറിന്റെ (ഐ.യു.സി.എൻ) പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും ആക്രമണകാരികളായ പക്ഷികളിലൊന്നായാണ് മൈനകളെ കണക്കാക്കുന്നത്. മറ്റ് പക്ഷിമൃഗാദികളോട് ആക്രമണാത്മക സ്വഭാവം പ്രകടിപ്പിക്കുന്നതിനു പുറമേ, വിളകൾക്ക് ഭീഷണിയാവുകയും ചില പ്രാദേശിക പക്ഷി ഇനങ്ങളുടെ വംശനാശത്തിനും ഇവയുടെ വ്യാപനം കാരണമായേക്കാം.
മൈനകൾ ഏവിയൻ ഇൻഫ്ലുവൻസ(പക്ഷിപ്പനി), മലേറിയ തുടങ്ങിയ രോഗങ്ങൾ വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്ന് 2009ലെ മാർക്കുല പഠനത്തിൽ പറയുന്നു. ഖത്തറിലേക്ക് കുടിയേറി എത്തിയ മൈനകൾ തിരികെ മടങ്ങാതെ രാജ്യത്ത് തന്നെ തുടരുന്നത് ആവാസ വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ദോഷകരമാകുന്ന സാഹചര്യത്തിലാണ് ഇവയെ തുരത്താൻ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അധികൃതർ കടുത്ത നടപടികൾ സ്വീകരിച്ചു വരുന്നത്. ഇതിനായി രാജ്യമൊട്ടാകെ കൂടുകളും കെണികളും സ്ഥാപിച്ച് പ്രത്യേക പദ്ധതി തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനോടകം പതിനായിരകണക്കിന് മൈനകളെയാണ് കെണി വെച്ച് പിടികൂടിയത്.
