Asianet News MalayalamAsianet News Malayalam

ഖത്തറില്‍ കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിന്റെ കാരണം വിശദമാക്കി അധികൃതര്‍

 പൊതു ഇടങ്ങള്‍ക്ക് പുറമെ വീടുകളിലും കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം. 

Qatar officials explains the reason for covid spread
Author
Doha, First Published May 15, 2020, 5:34 PM IST

ദോഹ: ഖത്തറില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്‍റെ കാരണം വെളിപ്പെടുത്തി അധികൃതര്‍. വ്യക്തികള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കാത്തതാണ് ഖത്തറില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സാംക്രമിക രോഗപ്രതിരോധ വിഭാഗം മേധാവി ഡോ അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. 

കൊവിഡ് 19 മുന്‍കരുതല്‍ നടപടികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹിക അകലം പാലിക്കുക എന്നതാണ്. ഈ നിര്‍ദ്ദേശം പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തിയതാണ് രോഗസംഖ്യ ഉയരാന്‍ കാരണം. പൊതു ഇടങ്ങള്‍ക്ക് പുറമെ വീടുകളിലും കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണമെന്നും ഡോ അല്‍ഖാല്‍ നിര്‍ദ്ദേശിച്ചു. കൂടുതല്‍ കുടുംബങ്ങളില്‍ രോഗം ബാധിക്കാന്‍ കാരണം കുടുംബാംഗങ്ങള്‍ തമ്മില്‍ അകലം പാലിക്കാത്തത് ആണെന്നും പൊതുജനാരോഗ്യ മന്ത്രാലയം കൊവിഡ് 19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇടയില്‍ രോഗസംഖ്യ 50 ശതമാനമാണ് വര്‍ധിച്ചതെന്നും മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത് മൂലമാണിതെന്നും ഡോ അല്‍ഖാല്‍ ചൂണ്ടിക്കാട്ടി. റമദാന്‍, ഈദ് ദിവസങ്ങളില്‍ അത്യാവശ്യത്തിന് മാത്രമെ വീടിന് പുറത്തിറങ്ങാവൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചെറുപ്പക്കാരില്‍ കടുത്ത ലക്ഷണങ്ങള്‍ പ്രകടമാകുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കൊവിഡിന്റെ സാമൂഹിക വ്യാപനത്തിന്റെ തോത് അറിയുവാന്‍ കമ്മ്യൂണിറ്റി പഠനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം വയോധികരില്‍ കൊവിഡ് പിടിപെടാനുള്ള സാധ്യത കൂടുതല്‍ ആയതിനാല്‍ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഖത്തര്‍ പുനരധിവാസ ഇന്‍സ്റ്റിറ്റ്യൂട്ട് , റുമൈല ആശുപത്രി എന്നിവയുടെ മെഡിക്കല്‍ ഡയറക്ടറായ ഡോ. ഹനാദി അല്‍ ഹമദ് പറഞ്ഞു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സുരക്ഷിതമായി എങ്ങനെ വീടുകളില്‍ കഴിയാം എന്നതിനെ കുറിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങളും ടെലികണ്‍സള്‍ട്ടേഷനും നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടിലെ പ്രായമേറിയവരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് റമദാന്‍, ഈദ് ദിനങ്ങളിലെ ഒത്തുചേരല്‍ ഒഴിവാക്കണമെന്നും ഡോ ഹനാദി വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios