112 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം
ദോഹ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ മികച്ച പ്രകടനവുമായി ഖത്തർ. ഹെൻലി പാസ്പോർട്ട് സൂചികയിൽ ആഗോള തലത്തിൽ 47ാം സഥാനത്താണ് ഖത്തർ. ഖത്തർ പാസ്പോർട്ട് ഉപയോഗിച്ച് 112 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. കഴിഞ്ഞവർഷം ഇത് 107 രാജ്യങ്ങളായിരുന്നു. 2020ൽ 54, 2021ൽ 60, 2022ൽ 53, 2023ൽ 55, 2024ൽ 46 എന്നിങ്ങനെയായിരുന്നു സൂചികയിൽ മുൻ വർഷങ്ങളിലെ ഖത്തറിന്റെ പ്രകടനം. പട്ടികയിൽ എട്ടാം സഥാനവുമായി ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇ ആണ് മുന്നിൽ. 184 രാജ്യങ്ങളിലേക്ക് യു.എ.ഇ പൗരന്മാർക്ക് വിസരഹിതമായി സഞ്ചരിക്കാം. പട്ടികയിൽ കുവൈത്ത് 50ഉം സൗദി അറേബ്യ 54 ഉം ബഹ്റൈൻ 55ഉം ഒമാൻ 56ഉം സഥാനത്താണ്.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടായി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് സിംഗപ്പൂർ പാസ്പോർട്ടാണ്. സിംഗപ്പൂർ പാസ്പോർട്ടുള്ളവർക്ക് 193 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാനാവും. ഇന്ത്യ 77-ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 59 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. ലണ്ടൻ ആസ്ഥാനമായുള്ള ഹെൻലി ആൻഡ് പാർട്ണേഴ്സ്, ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ചാണ് ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ റാങ്കിങ് സൂചിക തയ്യാറാക്കുന്നത്. 227 രാജ്യങ്ങളാണ് പട്ടികയിൽ ആകെ ഉൾപ്പെടുത്തിയത്.
