ദോഹ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള പൊതു സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വ്യക്തികള്‍ക്കിടയില്‍ പരസ്‍പരം ഒന്നര മീറ്റര്‍ അകലം പാലിക്കണം. കെട്ടിടങ്ങള്‍ക്ക് അകത്ത് പരസ്‍പരം ഒന്‍പത് ചതുരശ്ര മീറ്റര്‍ അകലം പാലിക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകളില്‍ പറയുന്നു.

ഹസ്‍തദാനം ഉള്‍പ്പെടെ ശാരീരികമായ അടുപ്പമുണ്ടാകുന്ന കാര്യങ്ങള്‍ ഒഴിവാക്കണം. മറ്റുള്ളവരുടെ സാന്നിദ്ധ്യമുണ്ടാകാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിര്‍ബന്ധമായും മാസ്‍ക് ധരിക്കണം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എല്ലാവരും തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. സ്ഥാപനങ്ങളിലെ പ്രവേശനത്തിന് മുമ്പ് ശരീര താപനില പരിശോധിക്കണം. ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകിയോ അണുവിമുക്തമാക്കിയോ ശുചിത്വം ഉറപ്പാക്കണം. സ്ഥിരമായി സ്‍പര്‍ശിക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കണം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.