അന്താരാഷ്ട്ര അംഗീകാരം നേടി ഖത്തര്‍ റെയില്‍. ബ്രിട്ടണ്‍ ആസ്ഥാനമായ സി.ഐ.എച്ച്.ടിയുടെ ഈ വർഷത്തെ ഡികാര്‍ബണൈസേഷന്‍ പുരസ്കാരമാണ് ഖത്തര്‍ റെയില്‍ സ്വന്തമാക്കിയത്.

ദോഹ: പരിസ്ഥിതി സൗഹൃദ പൊതു ഗതാഗതത്തിന് അന്താരാഷ്ട്ര അംഗീകാരം നേടി ഖത്തര്‍ റെയില്‍. ബ്രിട്ടണ്‍ ആസ്ഥാനമായ സി.ഐ.എച്ച്.ടിയുടെ ഈ വർഷത്തെ ഡികാര്‍ബണൈസേഷന്‍ പുരസ്കാരമാണ് ഖത്തര്‍ റെയില്‍ സ്വന്തമാക്കിയത്. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനത്തിലൂടെ കൈനറ്റിക് എനര്‍ജിയെ ഇലക്ട്രികൽ എനര്‍ജിയാക്കി മാറ്റുന്ന ദോഹ മെട്രോയുടെ പ്രൊജക്ടിനാണ് അന്താരാഷ്ട്ര അംഗീകാരം. ലണ്ടനിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം.

ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങളായ ദോഹ മെട്രോ, ട്രാം സർവീസുകളുടെ മാതൃ കമ്പനിയാണ് ഖത്തര്‍ റെയില്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സമർപ്പിച്ച പദ്ധതികളിൽ നിന്നും ആറെണ്ണമാണ് ഫൈനൽ റൗണ്ടിലേക്ക് ഇടം നേടിയത്. പുറമെ നിന്നുള്ള ഊർജ ഉറവിടങ്ങളെ ഉപയോഗിക്കുന്നത് കുറച്ച്, മെട്രോ ശൃംഖലയിൽ നിന്നുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ഊർജ ലഭ്യത ഉറപ്പാക്കുന്നതാണ് ഖത്തർ റെയിലിന്റെ പദ്ധതി. ഖത്തർ റെയിലിന്റെ സ്മാർട്ട് ഗതാഗത പദ്ധതികളുടെ ഭാഗം കൂടിയാണിത്. പരമ്പരാഗത ബ്രേക്കിംഗ് സിസ്റ്റങ്ങളിൽ താപമായി ഊർജ്ജം നഷ്ടപ്പെടുമ്പോൾ, ഇവിടെ ഗതികോർജം, പുനരുപയോഗിക്കപ്പെടാൻ കഴിയുന്ന വൈദ്യുതോർജമായി സംഭരിക്കുന്നു. വേഗത കുറയ്ക്കുമ്പോൾ ട്രെയിനിന് ആവശ്യമായ ട്രാക്ഷൻ ഊർജ്ജത്തിന്റെ 46 ശതമാനം വരെ ഈ റീജനറേറ്റീവ് ബ്രേക്കിങ് സാങ്കേതിക സംവിധാനം വഴി ഉൽപാദിപ്പിക്കാൻ കഴിയും. സംഭരിക്കുന്ന ഊർജം മറ്റ് ട്രെയിനുകളുടെ ഉപയോഗത്തിനായി ഗ്രിഡിലേക്ക് മാറ്റുകയും ചെയ്യുന്നു. ഈ നവീകരണത്തിലൂടെ ദോഹ മെട്രോയ്ക്ക് ഗണ്യമായ വാർഷിക ഊർജ്ജ ലാഭം കൈവരിക്കാനും പ്രവർത്തന ചെലവ് കുറയ്ക്കാനും കാർബൺ ഉദ്‌വമനം കുറയ്ക്കാനും കഴിയുന്നു.

ഇലക്ട്രോഡൈനാമിക് ബ്രേക്കിംഗിലൂടെ ഗതികോർജ്ജത്തെ പുനരുപയോഗിക്കാവുന്ന ഊർജ്ജമാക്കി മാറ്റുന്നതിലൂടെ, മേഖലയിലുടനീളമുള്ള നഗര ഗതാഗതത്തിൽ സുസ്ഥിരതയ്ക്ക് ഒരു പുതിയ മാനദണ്ഡം ഖത്തർ റെയിൽ കൊണ്ടുവന്നു. ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിലേക്കുള്ള ഖത്തർ റെയിലിന്റെ സംഭാവനയെ ഈ നാഴികക്കല്ല് ശക്തിപ്പെടുത്തുകയും, ദേശീയമായും അന്തർദേശീയമായും സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണ ഉത്തരവാദിത്വവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ പൊതുഗതാഗതത്തിന്റെ പങ്ക് വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.