ദോഹ: നിയന്ത്രണങ്ങളില്‍ ഖത്തര്‍ ഇളവ് വരുത്തിയതോടെ താമസക്കാര്‍ക്ക് രാജ്യത്തേക്ക് തിരികെ മടങ്ങാം. ഓഗസ്റ്റ് ഒന്ന് മുതല്‍ ഖത്തറിലേക്ക്  മടങ്ങാന്‍ അനുവാദം നല്‍കിയതോടെ കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി. ഖത്തര്‍ പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല.

ഓരോ രണ്ടാഴ്ച കൂടുമ്പോഴും വിവിധ രാജ്യങ്ങളിലെ കാര്യങ്ങള്‍ വിലയിരുത്തി ഈ പട്ടിക പുതുക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ നിലവിലെ പട്ടികയില്‍ ഇന്ത്യയില്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് മടങ്ങുന്നതില്‍ തടസ്സമില്ല. 

ഇതിനായി അംഗീകൃത കൊവിഡ് പരിശോധനാകേന്ദ്രങ്ങളില്‍ നിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണം. ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഇതില്‍ ആദ്യം മഞ്ഞ നിറം കാണിക്കും. ഖത്തറിലെത്തിയാല്‍ ഒരാഴ്ച ക്വാറന്റീനില്‍ പ്രവേശിക്കണം. അതിന് ശേഷം വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതുണ്ട്. ഫലം നെഗറ്റീവ് ആണെങ്കില്‍ ഇഹ്തിറാസ് ആപ്പില്‍ പച്ച നിറം തെളിയും. പോസിറ്റീവായാല്‍ വീണ്ടും ക്വാറന്റീനില്‍ കഴിയണം. അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ ഇല്ല എങ്കില്‍ യാത്രയ്ക്ക് മുമ്പ് Discover Qatar വെബ്‌സൈറ്റിലൂടെ ക്വാറന്റീനിനായി ഹോട്ടല്‍ ബുക്ക് ചെയ്യണം. ഖത്തറിലെത്തി സ്വന്തം ചെലവില്‍ വേണം ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയാന്‍. 

മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ portal.www.gov.qa വെബ്‌സൈറ്റ് വഴി റിട്ടേണ്‍ പെര്‍മിറ്റ് എടുക്കണം. വിവിധ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ മേഖലയിലുള്ളവര്‍, മാനുഷിക പരിഗണനയുള്ള മറ്റ് വിഭാഗക്കാര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുക. സ്വകാര്യ മേഖലയിലെ വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ ക്വാറന്റീന്‍ ചെലവ് തൊഴിലുടമ വഹിക്കണം. ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തിലും ഈ വ്യവസ്ഥ ബാധകമാണ്.