ഇന്ത്യ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്ന താമസ വിസയുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. പൂര്‍ണമായി വാക്സിനെടുത്തവരെയും കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരെയും ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ദോഹ: ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളില്‍ (Entry rules) പൊതുജനാരോഗ്യ മന്ത്രാലയം (Ministry of Public Health) മാറ്റം വരുത്തി. രാജ്യത്തെ കൊവിഡ് കേസുകളില്‍ (Covid cases) ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലും രാജ്യത്തെ വാക്സിനേഷന്‍ കാമ്പയിനുകള്‍ (vaccination campaigns) വിജയം കണ്ട സാഹചര്യത്തിലുമാണ് ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള നിബന്ധനകള്‍ ലഘൂകരിച്ചത് (Relaxing entry rules). ഫെബ്രുവരി 28ന് ഖത്തര്‍ സമയം വൈകുന്നേരം ഏഴ് മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.

ഇന്ത്യ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്ന താമസ വിസയുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. പൂര്‍ണമായി വാക്സിനെടുത്തവരെയും കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരെയും ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ ഖത്തറിലെത്തി 24 മണിക്കൂറിനിടെ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതി. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്‍ത്, ജോര്‍ജിയ, ജോര്‍ദാന്‍, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.

വാക്സിനെടുത്തിട്ടില്ലാത്തവരും കൊവിഡ് ബാധിച്ചതിലൂടെ പ്രതിരോധ ശേഷി നേടിയിട്ടില്ലാത്തവരുമായ യാത്രക്കാര്‍ അഞ്ച് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ പൂര്‍ത്തീകരിക്കണം. ഖത്തറിലെത്തി 24 മണിക്കൂറിനകം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം. ഹോട്ടല്‍ ക്വാറന്റീനിന്റെ അഞ്ചാം ദിവസം റാപ്പിഡ് ആന്റിജന്‍ പരിശോധനയ്‍ക്കും വിധേയമാവണം. വാക്സിനെടുത്തിട്ടില്ലാത്തവര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ ഫലം ഹാജരാക്കുകയും വേണം.

ഇന്ത്യ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങളില്‍ നിന്നെത്തുന്ന പൂര്‍ണമായി വാക്സിനെടുക്കുകയോ അല്ലെങ്കില്‍ കൊവിഡ് ബാധിച്ചതിലൂടെ പ്രതിരോധ ശേഷി നേടുകയോ ചെയ്‍ത സന്ദര്‍ശക വിസക്കാര്‍, യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. ഖത്തറിലെത്തിയ ശേഷം ഒരു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനും നിര്‍ബന്ധമാണ്. ഈ ദിവസം തന്നെ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തുകയും വേണം. വാക്സിനെടുത്തിട്ടില്ലാത്തവരും കൊവിഡ് ബാധിച്ച് സുഖപ്പെടുന്നതിലൂടെ പ്രതിരോധ ശേഷി ലഭിക്കാത്തവരുമായ സന്ദര്‍ശകര്‍ക്ക് ഈ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് പ്രവേശനമുണ്ടാകില്ല.

ആസ്‍ട്രസെനിക വാക്സിനെടുത്തവര്‍ക്ക് രണ്ടാം ഡോസോ അല്ലെങ്കില്‍ ബൂസ്റ്റര്‍ ഡോസോ സ്വീകരിച്ച് 14 ദിവസത്തിന് ശേഷം ഒന്‍പത് മാസം വരെയാണ് വാക്സിനെടുത്തതിന്റെ ആനുകൂല്യം ലഭ്യമാവുക. ഒരു തവണ കൊവിഡ് ബാധിച്ചവര്‍ക്കും ഒന്‍പത് മാസത്തേക്ക് ഇളവുകള്‍ ലഭിക്കും. ഇതിനായി വെരിഫൈ ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ലബോറട്ടറി പരിശോധനാ ഫലം ഹാജരാക്കണം.

Scroll to load tweet…