Asianet News MalayalamAsianet News Malayalam

ഖത്തറിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ലോകവ്യാപകമായി കൊറോണ വൈറസ് പരക്കുന്ന പശ്ചാത്തലത്തില്‍ ഖത്തറിലും രോഗം സ്ഥിരീകരിക്കപ്പെടുന്നത് പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും പരിശോധനകള്‍ക്ക് വിധേയമാക്കുകയും ഇവരെ നിരീക്ഷിച്ചുവരികയും ചെയ്യുകയാണ്. 

Qatar reports first case of coronavirus
Author
Doha, First Published Feb 29, 2020, 7:38 PM IST

ദോഹ: ഖത്തറില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 36കാരനായ ഖത്തര്‍ പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് കഴിഞ്ഞ ദിവസം രാജ്യത്തേക്ക് മടങ്ങിയെത്തിയ വ്യക്തിയാണ് ഇയാളെന്നും ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇറാനിലുണ്ടായിരുന്ന ഖത്തര്‍ പൗരന്മാരെ കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തില്‍ രാജ്യത്ത് എത്തിച്ചിരുന്നു. ഇക്കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനില്‍ നിന്നെത്തിച്ച എല്ലാവരെയും പ്രത്യേക കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. രോഗബാധ സ്ഥിരീകരിച്ചയാളെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്ററിലെ ഐസോലേഷന്‍ മുറിയില്‍ അഡ്‍മിറ്റ് ചെയ്തു. രോഗബാധ തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ലോകവ്യാപകമായി കൊറോണ വൈറസ് പരക്കുന്ന പശ്ചാത്തലത്തില്‍ ഖത്തറിലും രോഗം സ്ഥിരീകരിക്കപ്പെടുന്നത് പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും പരിശോധനകള്‍ക്ക് വിധേയമാക്കുകയും ഇവരെ നിരീക്ഷിച്ചുവരികയും ചെയ്യുകയാണ്. രാജ്യത്ത് ഇതുവരെ രോഗം പടരുന്നതിന്റെ യാതൊരു ലക്ഷണങ്ങളുമില്ല. നിലവില്‍ എല്ലാ എന്‍ട്രി പോയിന്റുകള്‍ വഴിയും ഖത്തറിലേക്ക് പ്രവേശിക്കുന്നവരെ നിരീക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് വൈറസ് പരക്കാതിരിക്കാനുള്ള എല്ലാ നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. രോഗബാധ നിയന്ത്രിക്കുന്നതിനുള്ള ലളിതമായ സുരക്ഷാ നടപടികള്‍ പൊതുജനങ്ങളും സ്വീകരിക്കണം. ഇടയ്ക്കിടെ കൈകള്‍ കഴുകുക, ഹാന്റ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുക, രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവരില്‍ നിന്ന് മാറി നില്‍ക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കുകയും ശേഷം അത് മൂടിയുള്ള ചവറ്റുകുട്ടയില്‍ സുരക്ഷിതമായി ഉപേക്ഷിക്കുകയും വേണം. 

കൊറോണ വൈറസ് ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണമെന്നും ചുമയോ പനിയോ ഉണ്ടെങ്കില്‍ പരിശോധനകള്‍ക്ക് സ്വയം സന്നദ്ധനാവുകയോ അല്ലെങ്കില്‍ 16000 എന്ന നമ്പറില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയോ വേണമെന്നും പ്രസ്താവനയില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios