ദോഹ: ബെയ്റൂത്ത് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ലെബനന് അടിയന്തര മെഡിക്കല്‍ സഹായവുമായി ഖത്തര്‍. അമീര്‍ ശൈഖ് തമീം ബിന്‍ഹമദ് ആല്‍ഥാനിയുടെ പ്രത്യേക നിര്‍ദ്ദേശം അനുസരിച്ച് ബുധനാഴ്ച രാവിലെയാണ് ലെബനനിലേക്ക് മെഡിക്കല്‍ സഹായം എത്തിക്കാനായി വിമാനം അയച്ചത്. 

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനുള്ള മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമടങ്ങിയ അമീരി എയര്‍ഫോഴ്‌സിന്റെ ആദ്യവിമാനം ലെബനനിലെ റഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് പോയത്. പൂര്‍ണ സജ്ജമാക്കിയ രണ്ട് ഫീല്‍ഡ് ആശുപത്രികള്‍ ഉള്‍പ്പെടുന്ന മൂന്ന് വിമാനങ്ങള്‍ കൂടി ലെബനനിലേക്ക് വൈദ്യസഹായം നല്‍കാന്‍ അയയ്ക്കുമെന്ന് ഖത്തര്‍ അറിയിച്ചു. 500 കിടക്കകള്‍ അടക്കമുള്ള സൗകര്യങ്ങളാണ് ഫീല്‍ഡ് ആശുപത്രികളില്‍ ഉണ്ടാകുക.

ബെയ്റൂത്തില്‍ ഇന്നലെയുണ്ടായ വൻ സ്ഫോടനത്തിൽ മരണം 78 കടന്നിരുന്നു. നാലായിരത്തില്‍ അധികം പേർക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് സർക്കാർ പറയുന്നു.

സ്ഫോടന ശബ്ദം 240 കിലോമീറ്റർ ദൂരെ വരെ കേട്ടു. സ്ഫോടനാഘാതത്തിൽ കാറുകൾ മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരത്തിൽ എടുത്തെറിയപ്പെട്ടുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കെട്ടിടങ്ങൾ തകർന്നു. വലിയ നാശനഷ്ടമാണ് ബെയ്റൂത്തിലുണ്ടായിരിക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ലെബനൻ സർക്കാർ വ്യക്തമാക്കി. ബെയ്റൂത്തിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ബെയ്‌റൂത്തിനെ നടുക്കിയ സ്‌ഫോടനം; ലെബനന് പിന്തുണ അറിയിച്ച് ഒമാന്‍