ഇസ്രയേലിന്റെ ഇത്തരം നിയമ ലംഘനങ്ങൾ അടിയന്തരമായി തടയുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഖത്തര്‍. 

ദോഹ: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ശക്തമായി അപലപിച്ച്‌ ഖത്തർ. ആക്രമണം ഇറാന്‍റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഇറാനിലെ നിയമങ്ങളെയും സുരക്ഷയെയും ലംഘിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവുമാണെന്ന് ഖത്തർ ആരോപിച്ചു.

ഇത്തരം ആക്രമണങ്ങൾ മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്നും ഖത്തർ ആശങ്കയറിയിച്ചു. ഇസ്രായേലിന്റെ ഇത്തരം നിയമ ലംഘനങ്ങൾ അടിയന്തരമായി തടയുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്ന് ഖത്തർ ആവശ്യപ്പെട്ടു. എല്ലാത്തരം അക്രമങ്ങളെയും എതിർക്കുന്നതായും സംഘർഷത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാതെ സംയമനം പാലിക്കാനും മേഖലയിൽ സമാധാനം നിലനിർത്താനും ഖത്തർ ആഹ്വാനം ചെയ്തു.