പുതിയ സംവിധാന പ്രകാരം ആദ്യത്തെ സെമസ്റ്ററില്‍ 15 വിദ്യാര്‍ത്ഥികളെയാണ് ഒരു ക്ലാസില്‍ അനുവദിക്കുക. വിദ്യാര്‍ത്ഥികള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും 1.5 മീറ്റര്‍ അകലം പാലിക്കുകയും വേണം.

ദോഹ: ഖത്തറില്‍ ആരംഭിക്കാനിരിക്കുന്ന ഓണ്‍ലൈന്‍-ക്ലാസ്മുറി മിശ്ര പഠന രീതിയില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷകൂടി മുന്‍നിര്‍ത്തിയുള്ള പഠന സംവിധാനമാണ് നടപ്പാക്കുന്നത്. 

പുതിയ സംവിധാന പ്രകാരം ആദ്യത്തെ സെമസ്റ്ററില്‍ 15 വിദ്യാര്‍ത്ഥികളെയാണ് ഒരു ക്ലാസില്‍ അനുവദിക്കുക. വിദ്യാര്‍ത്ഥികള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും 1.5 മീറ്റര്‍ അകലം പാലിക്കുകയും വേണം. എന്നാല്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല. 

വിദ്യാര്‍ത്ഥികള്‍ ഏതൊക്കെ ദിവസം എത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിക്കും. എസ്എംഎസ് വഴിയാകും ഈ വിവരം അറിയിക്കുക. വിദൂര പഠന രീതിയില്‍ ദിവസേന ആറ് സെക്ഷനുകളാകും ഉണ്ടാകുക. 15 മുതല്‍ 20 മിനിറ്റ് വരെ നീളുന്നതാണ് ഓരോ സെക്ഷനുകളും. നേരത്തെ റെക്കോര്‍ഡ് ചെയ്തവയും ഉപയോഗിക്കാം. സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ പുതിയ പഠന സംവിധാനത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട അറിവ് നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.

സാങ്കേതിക സഹായം ആവശ്യമുണ്ടെങ്കില്‍ 155 എന്ന ഹോട്ട ലൈന്‍ സേവനം പ്രയോജനപ്പെടുത്താം. പ്രതിദിന, വാരാന്ത്യ അസെസ്‌മെന്റുകള്‍ക്കായി ക്യു-ലേണിങ് പോര്‍ട്ടല്‍, മൈക്രോസോഫ്റ്റ് ടീം ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിക്കാം. ഓരോ വിദ്യാര്‍ത്ഥികളും ആഴ്ചയില്‍ ഒന്നു മുതല്‍ മൂന്ന് തവണ വരെ സ്‌കൂളിലെത്തി പഠിക്കണം. 30 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ആദ്യത്തെ സെമസ്റ്ററില്‍ സ്‌കൂളിലെത്തുക.