നിലവില്‍ 16 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്കാണ് ഫൈസര്‍ വാക്‌സിന്‍ രാജ്യത്ത് നല്‍കുന്നത്. മൊഡേണ വാക്‌സിന്‍ 18നും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് നല്‍കി വരുന്നു.

ദോഹ: ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ 12 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ളവര്‍ക്ക് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഖത്തറില്‍ ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ തീരുമാനം. കൊവിഡ് 19 ദേശീയ പദ്ധതി അധ്യക്ഷനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സാംക്രമികാരോഗ്യ വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

നിലവില്‍ 16 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്കാണ് ഫൈസര്‍ വാക്‌സിന്‍ രാജ്യത്ത് നല്‍കുന്നത്. മൊഡേണ വാക്‌സിന്‍ 18നും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് നല്‍കി വരുന്നു. വാക്‌സിനുകള്‍ രാജ്യത്ത് കൊവിഡിനെതിരെ മികച്ച പ്രതിരോധം നല്‍കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കൗമാരക്കാര്‍ക്ക് കൂടി വാക്‌സിന്‍ ലഭ്യമാക്കുകയാണെങ്കില്‍ രോഗത്തില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനൊപ്പം വിദ്യാഭ്യാസരംഗത്തെ നിലവിലെ സ്ഥിതി കൂടി മെച്ചപ്പെടുത്താനാകും. 

12 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കൗമാരക്കാരില്‍ ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നു. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ട്രയലുകളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 12 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ളവർക്ക് ഫൈസർ വാക്‌സിൻ നൽകാൻ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona