യുഎഇയില്‍ ഇന്ന് രാത്രി നേരിയ തോതിലും നാളെ സാമാന്യം ശക്തവുമായ മഴയുണ്ടാകും. രാജ്യത്തെ കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. ഒമാനിൽ വ്യാഴാഴ്ച മുതൽ ഇടിയോടു കൂടിയ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു

അബുദാബി: യുഎഇയില്‍ വ്യാഴാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ഥ അളവില്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇന്ന് രാത്രി നേരിയ തോതിലും നാളെ സാമാന്യം ശക്തവുമായ മഴയുണ്ടാകും. രാജ്യത്തെ കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. 28 ഡിഗ്രി സെല്‍ഷ്യസായിരിക്കും യുഎഇയിലെ പരമാവധി താപനില. അറേബ്യന്‍ ഗള്‍ഫിലും ഒമാനിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ഒമാനിൽ വ്യാഴാഴ്ച മുതൽ ഇടിയോടു കൂടിയ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ശക്തമായ മഴ പെയ്തു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥയും ഒറ്റപ്പെട്ട മഴയും അനുഭവപെട്ടു വരികയാണ്.

മസ്‌കത്ത്, മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലും ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലും ആണ് ഒറ്റപ്പെട്ട മഴ അനുഭവപെട്ടു വരുന്നത്. എന്നാൽ വ്യാഴാഴ്ച മുതൽ ഇടി മിന്നലോടുകൂടി ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് ഒമാൻ കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്.

തുടർച്ചയായി ഞായറാഴ്ച വരെ മഴ തുടരുമെന്നും അറിയിപ്പിൽ പറയുന്നു. അറബിക്കടലിൽ രൂപപെടുന്ന ന്യൂനമർദ്ദം മൂലമാണ് കാലാവസ്ഥയിൽ ഈ വ്യതിയാനം സംഭവിക്കുന്നത്. തീര പ്രദേശങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണമെന്നും , മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളോട് ആവശ്യമായ മുൻകരുതലുകൾ എടുക്കുവാനും, കൂടാതെ വാദികൾ മുറിച്ചു കടക്കുന്ന വാഹനങ്ങൾ സുരക്ഷാ നിര്‍ദേശമനുസരിച്ച് ആയിരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.