യുഎഇയിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിനും മൂടൽമഞ്ഞിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. താപനിലയിൽ വ്യതിയാനം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ദുബായ്: യുഎഇയിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും പൊടിപടലങ്ങൾ ഉയർന്നുവരുന്നതിനും സാധ്യതയുണ്ട്.

അന്തരീക്ഷത്തിലുണ്ടാകുന്ന ഉപരിതല ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായാണ് കാലാവസ്ഥാ വ്യതിയാനം. ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. സാധാരണ നിലയിൽ വീശുന്ന കാറ്റ് മേഘാവൃതമായ സമയങ്ങളിൽ ശക്തമായേക്കാം. പർവ്വതമേഖലകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ഉൾപ്രദേശങ്ങളിൽ 40 കിലോമീറ്റർ വരെയും തീരദേശങ്ങളിൽ 35 കിലോമീറ്റർ വരെയും ഉയരാൻ സാധ്യതയുണ്ട്.

രാജ്യത്തിന്റെ ആഭ്യന്തര മേഖലകളിൽ ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. തീരദേശങ്ങളിലും ദ്വീപുകളിലും 34 ഡിഗ്രി സെൽഷ്യസ് മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, പർവ്വതപ്രദേശങ്ങളിൽ 28 ഡിഗ്രി സെൽഷ്യസ് മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും താപനില. രാത്രികാലങ്ങളിലും ചൊവ്വാഴ്ച രാവിലെയോടെയും അന്തരീക്ഷത്തിൽ ഈർപ്പത്തിന്‍റെ അളവ് വർധിക്കും. തീരദേശ മേഖലകളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്തിന്‍റെ കിഴക്കൻ മേഖലകളിൽ രൂപപ്പെടുന്ന മഴമേഘങ്ങൾ ഉച്ചയോടെ പടിഞ്ഞാറൻ മേഖലകളിലേക്ക് വ്യാപിച്ചേക്കാം. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഉച്ചയ്ക്ക് ശേഷം കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മഴ പെയ്തേക്കാം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. രാത്രിയിലും ശനിയാഴ്ച രാവിലെയോടെയും പടിഞ്ഞാറൻ തീരദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.