യുഎഇയിൽ ഏപ്രിൽ 13 വരെ മഴയ്ക്കും അസ്ഥിരമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിതമായ മഴയാണ് പ്രതീക്ഷിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്തേക്കാം. യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ദുബായ്: വേനൽച്ചൂടിലേക്ക് കടക്കുന്നതിനിടെ യുഎഇയിൽ വീണ്ടും മഴ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ 13 തിങ്കളാഴ്ച വരെ മഴയ്ക്കും അസ്ഥിരമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 9 മുതൽ ആരംഭിച്ച ഈ കാലാവസ്ഥാ വ്യതിയാനം വരും ദിവസങ്ങളിലും തുടരും. കഴിഞ്ഞ മാർച്ചിൽ ലഭിച്ച ശക്തമായ മഴയ്ക്ക് പകരം, ഇത്തവണ മിതമായ മഴയ്ക്കാണ് സാധ്യത. എന്നാൽ ചിലയിടങ്ങളിൽ പെട്ടെന്ന് ശക്തമായ മഴ പെയ്തേക്കാം.

Add Asianetnews as a Preferred SourcegooglePreferred

അൽ ദഫ്ര, അൽ ഐൻ തുടങ്ങിയ മേഖലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിൽ കാർമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഏപ്രിൽ 13 വരെ 'യെല്ലോ അലർട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ മഴ പെയ്യുമ്പോൾ റോഡുകളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. അറബിക്കടലിൽ നിന്നുള്ള ന്യൂനമർദ്ദവും മിഡിൽ ഈസ്റ്റിൽ നിന്നുള്ള മറ്റൊരു കാലാവസ്ഥാ വ്യതിയാനവും ഒത്തുചേരുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം. സൗദി അറേബ്യയ്ക്ക് മുകളിൽ രൂപപ്പെടുന്ന മേഘങ്ങൾ യുഎഇയിലേക്ക് നീങ്ങുന്നതായും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ മിതമായ മഴ പ്രതീക്ഷിക്കാം.