അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച വരെ കനത്ത മഴയും താരതമ്യേന തണുത്ത കാലാവസ്ഥയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഷാര്‍ജയിലും ദുബായിലുമായിരിക്കും പ്രധാനമായും മഴ ലഭിക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പല സ്ഥലങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു.

ഷാര്‍ജയിലാണ് കഴിഞ്ഞ ദിവസം കാര്യമായ മഴ ലഭിച്ചത്. അജ്മാനിലും ദുബായുടെ തീരപ്രദേശങ്ങളിലും ചെറിയ തോതില്‍ മഴ പെയ്തു. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 14 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. ഷാര്‍ജയിലെ അല്‍ മദാം, നസ്‍വ എന്നിവിടങ്ങളിലും ദുബായിലെ മര്‍ഗാം, ലെഹ്‍ബാബ് പ്രദേശങ്ങളിലും കാര്യമായ മഴ ലഭിച്ചു. രാജ്യത്താകമാനം ചൂടിനും അല്‍പം കുറവ് വന്നിട്ടുണ്ട്. ഇത് രണ്ട് ദിവസത്തേക്ക് കൂടി തുടരും. അതിന് ശേഷം രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. വെള്ളിയാഴ്ച ദുബായില്‍ 45.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഏറ്റവും ഉയര്‍ന്ന താപനില.