കാലാവസ്ഥ കേന്ദ്രം രാജ്യത്ത് പല സ്ഥലങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

അബുദാബി: യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധിക്കിടെ ഇന്നലെ പല സ്ഥലങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ പെയ്തു. ദുബൈയുടെ പല ഭാഗങ്ങള്‍, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അല്‍ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളില്‍ വ്യാഴാഴ്ച മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

അല്‍ വര്‍സനിലും ഇന്‍റര്‍നാഷണല്‍ സിറ്റിയിലും വ്യാഴാഴ്ച വൈകുന്നേരം നേരിയ തോതില്‍ മഴയും പാം ജുമൈറയിലും ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്കിലും ഇടിമിന്നലോട് കൂടിയ നേരിയ ചാറ്റല്‍മഴയും ഉണ്ടായി. കാലാവസ്ഥ കേന്ദ്രം രാജ്യത്ത് പല സ്ഥലങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

Read Also -  പെരുന്നാൾ ദിനത്തില്‍ പേരക്കുട്ടികള്‍ക്കൊപ്പം ശൈഖ് മുഹമ്മദ്, ഫോട്ടോ വൈറല്‍

അതേസമയം ഖത്തറില്‍ വാരാന്ത്യത്തില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 11 വ്യാഴാഴ്ച മുതല്‍ വാരാന്ത്യം വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.

വ്യാഴാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ തോതില്‍ മഴയും ഇടിയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാകുമെന്നുമാണ് അറിയിപ്പ്. ഉച്ച വരെയും മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ശനിയാഴ്ചത്തേക്ക് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. മിതമായ താപനിലയാകും ശനിയാഴ്ച പകല്‍ സമയം അനുഭവപ്പെടുക.

ഈ മൂന്ന് ദിവസങ്ങളിലും വടക്ക്പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 5-15 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാം. ഇത് 25 കിലോമീറ്റര്‍ വേഗതയില്‍ വരെയെത്താം. തിരമാലകള്‍ രണ്ട് മുതല്‍ നാല് അടി വരെ ഉയരും. വെള്ളിയാഴ്ച തിരമാലകള്‍ 3-6 മുതല്‍ 10 അടി വരെയും ശനിയാഴ്ച 2-4 മുതല്‍ ആറ് അടി വരെയും ഉയരാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം