കാലാവസ്ഥാ കേന്ദ്രമാണ് രാജ്യത്ത് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത. ഞായറാഴ്ച യുഎഇയുടെ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 

ഉച്ചയ്ക്കുശേഷം കിഴക്കൻ ഭാഗങ്ങളിലും വടക്കൻ മേഖലകളിലും മഴമേഘങ്ങൾ രൂപപ്പെടാനാണ് സാധ്യത. ആകാശം ഭാഗികമായി മേഘാവൃതമാകും. രാത്രിയും തിങ്കളാഴ്ച പുലർച്ചയും തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈർപ്പം വർധിക്കും. തീരപ്രദേശങ്ങളിൽ 90 ശതമാനം വരെ ഈർപ്പം ഉയരാൻ സാധ്യതയുണ്ടെങ്കിലും പർവതമേഖലകളിൽ ഇത് 15 ശതമാനത്തിൽ താഴെയായിരിക്കും.

Read Also - ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം; സൗദിയിൽ പിതാവും 3 പെണ്‍മക്കളും മരിച്ചു

കാറ്റിന്‍റെ തീവ്രത കുറവായിരിക്കും. എന്നാൽ ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം വർധിച്ചേക്കാം. അറേബ്യൻ ഉൾക്കടലും ഒമാൻ കടലും നേരിയ തിരമാലകളോടെയായിരിക്കും. താപനില പർവതമേഖലകളിൽ 20°C വരെ താഴാനും ഉൾപ്രദേശങ്ങളിൽ 42°C വരെ ഉയരാനുമാണ് സാധ്യത. അബുദബിയിൽ പരമാവധി 37°C വരെ ചൂട് എത്തുമ്പോൾ ദുബൈയിൽ 36°C വരെ ഉയരുമെന്നാണു പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം