ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മസ്കറ്റ്: ഒമാന്‍റെ വിവിധ പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. ഒമാനിലെ വടക്കൻ ബാത്തിനയിലെ ലിവയിലും ശിനാസിലുമാണ് മഴ ലഭിച്ചത്. ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും വടക്കൻ ഗവര്‍ണറേറ്റുകളിലും അറേബ്യൻ കടല്‍ത്തീരത്തിന്‍റെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ദാഹിറ, ബുറൈമി, വടക്കന്‍ ബത്തിന ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കുന്നുണ്ട്. തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി വൈ​കി​യും പു​ല​ർ​ച്ച​യും താ​ഴ്ന്ന മേ​ഘ​ങ്ങ​ളും മൂ​ട​ൽ​മ​ഞ്ഞും രൂ​പ​പ്പെ​ടാ​നുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. പൊടിയും മൂടല്‍ മഞ്ഞും മഴയും കാരണം ദൃശ്യപര്യത കുറയും. ആളുകൾ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. 

Read Also -  1400 വർഷത്തിലേറെ പഴക്കം, പൗരാണിക സംസ്കാരങ്ങളുടെ തെളിവ്, ഫൈലക്ക ദ്വീപിൽ കണ്ടെത്തിയത് പുരാതന കിണർ

അതേസമയം യുഎഇയിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്. യുഎഇയിലെ പ്രധാന റോഡുകളിലെല്ലാം കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ മുന്നറിയിപ്പ് ദേശീയ കാലാവസ്ഥ കേന്ദ്രം പുറപ്പെടുവിച്ചു. ദൃശ്യപര്യത കുറയുന്നതിനാല്‍ ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അറിയിച്ചിട്ടുണ്ട്.

അൽ ഐൻ- അബുദാബി റോഡ്, ശൈഖ് മക്തൂം ബിൻ റാഷിദ് റോഡ്, അബുദാബി - ദുബൈ ഹൈവേ, അൽ ഖാതിം, അർജാൻ, അബുദാബിയിലെ അൽ തവീല എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇതുകൂടാതെ, അൽ ഐനിലെ ശൈഹാൻ, ജബേൽ അലി, അൽ മിനാദ്, ദുബൈയിലെ അൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ട് എന്നിവിടങ്ങളിൽ ദൃശ്യപരത വളരെ കുറവാണെന്നും യാത്രക്കാർ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂടൽമഞ്ഞുള്ള പ്രദേശങ്ങളിൽ വാഹനമോടിക്കുമ്പോൾ വേ​ഗത നിയന്ത്രിക്കണമെന്നും അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം