യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസ് അനുസരിച്ച് പഠനം നടത്തുന്ന 1971 വിദ്യാര്‍ത്ഥികളുടെ ഫീസാണ് ഏറ്റെടുത്തത്. 20 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ മക്കളാണ് ഇതിലുള്ളത്. 

റാസല്‍ഖൈമ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള 1971 പ്രവാസി വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ഫീസുകള്‍ റാസല്‍ഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സൗദ് ബിന്‍ സഖ്ര്‍ അല്‍ ഖാസിമി ഏറ്റെടുത്തു. ശൈഖ് സൗദ് ബിന്‍ സഖ്ര്‍ ചാരിറ്റബിള്‍ എജ്യുക്കേഷനല്‍ എസ്റ്റാബ്ലിഷ്മെന്റിന്റെ റമാദാന്‍ പദ്ധതികള്‍ പ്രഖ്യാപിക്കവെ ചെയര്‍മാന്‍ സുമൈഅ ഹരീബ് അല്‍ സുവൈദിയാണ് ഇക്കാര്യം അറിയിച്ചത്.

യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സിലബസ് അനുസരിച്ച് പഠനം നടത്തുന്ന 1971 വിദ്യാര്‍ത്ഥികളുടെ ഫീസാണ് ഏറ്റെടുത്തത്. 20 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ മക്കളാണ് ഇതിലുള്ളത്. 350 വിദ്യാര്‍ത്ഥികളുടെ ഫീസിനത്തില്‍ 22 ലക്ഷം ദിര്‍ഹം ചിലവഴിച്ചു. 2019-2020 അധ്യയന വര്‍ഷത്തേക്ക് 317 പുതിയ വിദ്യാര്‍ത്ഥികളുടെ കാര്യം പരിഗണനയിലുമാണ്. ഇതിന് 16.54 ലക്ഷം ദിര്‍ഹം ആവശ്യമായി വരും. ഇതിന് പുറമെ റാസല്‍ഖൈമയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന 11 വിദ്യാര്‍ത്ഥികളെയും സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. 

റമദാന് എല്ലാ ദിവസവും 15 ഇഫ്താര്‍ ടെന്റുകളിലായി 2500 പേര്‍ക്ക് ഭക്ഷണമൊരുക്കുമെന്നും ശൈഖ് സൗദ് ബിന്‍ സഖ്ര്‍ ചാരിറ്റബിള്‍ എജ്യുക്കേഷനല്‍ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു. ഇതിന് പുറമെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കളും പെരുന്നാള്‍ വസ്ത്രങ്ങളും എത്തിക്കും.