മസ്‍കത്ത്: ഒമാനിൽ റമദാൻ വ്രതാനുഷ്‍ഠാനത്തിന് നാളെ തുടക്കമാകുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ബാങ്ക്‌  വിളിക്കല്ലാതെ രാജ്യത്തുടനീളമുള്ള എല്ലാ പള്ളികളും അടച്ചിടണമെന്നും ഒമാൻ സുപ്രിം കമ്മറ്റി അറിയിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിനിടയിലാണ് ഈ വര്‍ഷത്തെത്തെ റമദാൻ.

വ്യാഴാഴ്ച രാജ്യത്ത് എവിടെയും മാസപ്പിറവി കാണാത്തതിനാൽ ശഅബാന്‍ മാസത്തിലെ 30 ദിവസങ്ങള്‍ പൂര്‍ക്കിയാക്കി ശനിയാഴ്ച റമദാൻ ആരംഭിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി നിരീക്ഷിക്കാന്‍ അധികൃതര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ സംവിധാനം ഒരുക്കിയിരുന്നു. ഒമാൻ മതകാര്യ മന്ത്രി  ശൈഖ് അബ്ദുള്ള ബിൻ  മുഹമ്മദ് അൽ സാൽമി അദ്ധ്യക്ഷനായ നിരീക്ഷണ സമിതിയാണ് രാജ്യത്ത് റമദാൻ ഒന്ന് ശനിയാഴ്ചയാണെന്ന് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നും, റമദാൻ ആരംഭിക്കുന്നത് ശനിയാഴ്ചയായിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം മുൻകൂട്ടി അറിയിച്ചിരുന്നു. ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലിയും സന്നിഹിതനായിരുന്നു.

കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തറാവീഹ് നമസ്കാരത്തിനും പള്ളികളിലോ മറ്റു പൊതുവേദികളിലോ  ഇഫ്താർ  സംഗമങ്ങൾ നടത്തുന്നതിനും കർശന വിലക്കാണ് ഒമാൻ സുപ്രിം കമ്മറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്ക്‌ വിളിക്കാന്‍ മാത്രമേ പള്ളികൾ തുറക്കാൻ പാടുള്ളുവെന്നും മറ്റ് സമയങ്ങളിലെല്ലാം പള്ളികൾ അടച്ചിടണമെന്നും കമ്മറ്റി നിര്‍ദേശിച്ചിട്ടുണ്ട്.