Asianet News MalayalamAsianet News Malayalam

'കുട്ടനാട്​ സീറ്റില്‍ ചര്‍ച്ച നടന്നിട്ടില്ല'; മുല്ലപ്പള്ളിയെയും ജോസ് കെ മാണിയെയും തള്ളി ചെന്നിത്തല

ഉപതെരഞ്ഞെടുപ്പിലെ​ സ്ഥാനാർഥി നിർണയം സംബന്ധിച്ച്​ ഒരു തീരുമാനവും യുഡിഎഫിൽ എടുത്തിട്ടില്ലെന്ന്​ അദ്ദേഹം റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ​

ramesh chennithala write off statements of some leaders about kuttanadu seat
Author
Riyadh Saudi Arabia, First Published Feb 22, 2020, 2:52 PM IST

റിയാദ്​: റിയാദ്: കുട്ടനാട്​ സീറ്റ്​ സംബന്ധിച്ച്​ കെപിസിസി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രനും കേരള കോൺഗ്രസ്​ നേതാവ്​ ജോസ്​ കെ. മാണിയും നടത്തിയ പരാമർശങ്ങളെ തള്ളി യുഡിഎഫ്​ ചെയർമാനും കേരള പ്രതിപക്ഷ നേതാവുമായ രമേശ്​ ചെന്നിത്തല. ഉപതെരഞ്ഞെടുപ്പിലെ​ സ്ഥാനാർഥി നിർണയം സംബന്ധിച്ച്​ ഒരു തീരുമാനവും യുഡിഎഫിൽ എടുത്തിട്ടില്ലെന്ന്​ അദ്ദേഹം റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ​

കുട്ടനാട്​ സീറ്റ്​ ആർക്കെന്ന കാര്യത്തിൽ ഒരു ചർച്ചയും നടത്തിയിട്ടില്ല. അതാർക്കാണെന്ന്​ തീരുമാനിച്ചിട്ടില്ല. എന്നാൽ ഈ വിഷയത്തിൽ ജോസ്​ കെ. മാണിയുടെ പ്രസ്​താവന വാസ്​തവമറിയാതെയുള്ളതാണ്​. കോൺഗ്രസ്​ ഏറ്റെടുത്തേക്കുമെന്ന സൂചനയോടെ കെപിസിസി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്ര​ൻ നടത്തിയ പ്രസ്​താവന മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ നേതാക്കൾ ഇത്തരം പ്രസ്​താവനകളിൽ നിന്ന്​ അകലം പാലിക്കുന്നതാണ്​ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ്​ ആലോചിക്കാത്ത കാര്യങ്ങളെ കുറിച്ചാണ്​ ഈ പരാമർശനങ്ങളെല്ലാം. വാസ്​തവമറിയാതെ പ്രസ്​താവനകൾ നടത്തുന്നത്​ നേതാക്കൾ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിയുടെ രാഷ്​ട്രീയമാണ്​ കേരളത്തിൽ പിണറായി കളിക്കുന്നത്​. രാഷ്​ട്രീയ എതിരാളികളെ കേസുകളിൽ കുടുക്കി നിശബ്​ദരാക്കാമെന്ന മോദിയുടെ അതേ നീചതന്ത്രമാണ്​ പിണറായിയും പയറ്റുന്നത്​.

വി എസ്​. ശിവകുമാറിനെതിരെയുള്ള കേസൊക്കെ ആ നിലയിലുള്ളതാണ്​. എന്നാൽ ആ ഭയപ്പെടുത്തലൊന്നും തങ്ങളുടെ അടുത്തുവേണ്ട. അതൊന്നും വിലപ്പോവില്ല. ​സംസ്ഥാന ആഭ്യന്തര വകുപ്പിൽ ഗുരുതര അഴിമതിയാണ്​ നടന്നിരിക്കുന്നത്​. പൊലീസ്​ ചെയ്യുന്ന കുറ്റം പൊലീസ്​ തന്നെ അന്വേഷിക്കാൻ പാടില്ലെന്ന്​ സുപ്രീം കോടതി ഉത്തരവുണ്ട്​.

അതുകൊണ്ട്​ തന്നെ വെടിയുണ്ട കാണാതായത്​ മുതൽ ആഭ്യന്തര വകുപ്പിനെതിരായ മുഴുവൻ അഴിമതി ആരോപണവും സിബിഐ അന്വേഷിക്കണം. ഈ വിഷയത്തിൽ ക്രൈംബ്രാഞ്ച്​ അന്വേഷണ റിപ്പോർട്ടിനെ തങ്ങൾ തള്ളിക്കളയുകയാണ്​. സിബിഐയെ കൊണ്ട്​ അന്വേഷിപ്പിക്കണം എന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്​. അതിന്​ സർക്കാർ തയാറായില്ലെങ്കിൽ അപ്പോൾ കാണാം പൂരമെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

Follow Us:
Download App:
  • android
  • ios