ദുബായ്: യുഎഇയില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ തിരിച്ചെത്തുന്ന പ്രാവാസികളുടെ ദ്രുത ആന്റിബോഡി ടെസ്റ്റ് ദുബായ്, അബുദാബി വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയാവുന്നു. നടപടികള്‍ സുഗമമായി പുരോഗമിക്കുന്നതില്‍  നന്ദി അറിയിച്ച് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

 

വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും എംബസി പുറത്തുവിട്ടിട്ടുണ്ട്.
 

വിമാനത്തില്‍ കയറുന്നതിന് മുമ്പ് എല്ലാ യാത്രക്കാരെയും ദ്രുത കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയാണ്. ദ്രുത പരിശോധനയുടെ ഫലം 15 മിനിറ്റിനുള്ളില്‍ ലഭ്യമാവും. യാത്രക്കാരില്‍ ഏതാണ്ട് എല്ലാവരെയും ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവരില്‍ ആര്‍ക്കും ഇതുവരെ കൊവിഡ് കണ്ടെത്തിയിട്ടില്ല. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനങ്ങള്‍ പുറപ്പെടും.

യാത്രയ്ക്കിടയില്‍ ആര്‍ക്കെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ അവരെ കിടത്തി ചികിത്സിക്കുന്നതിനായി വിമാനത്തിന്റെ പിറകിലെ രണ്ട് വരി സീറ്റുകള്‍ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്.