അബുദാബി: അപൂര്‍വമായി സംഭവിക്കുന്ന വലയ സൂര്യഗ്രഹണം അടുത്തമാസം യുഎഇയില്‍ ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. 1847ന് ശേഷം ഇതാദ്യമായാണ് യുഎഇയില്‍ ഇത്തരമൊരു പ്രതിഭാസം ദൃശ്യമാകാനിരിക്കുന്നത്. ഡിസംബര്‍ 26നായിരിക്കും വലയ ഗ്രഹണം. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇത് ദൃശ്യമാകുമെങ്കിലും അബുദാബിയിലെ ലിവയിലായിരിക്കും ഏറ്റവും നന്നായി കാണാനാവുന്നത്.

രാവിലെ ഏഴു മണി മുതലായിരിക്കും ഗ്രഹണം ദൃശ്യമാകുന്നതെന്നാണ് ജ്യോതിശാസ്ത്ര വിദഗ്ധര്‍ അറിയിച്ചിട്ടുള്ളത്. ഭൂമിയ്ക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ കടന്നുവരുന്നത് കാരണം സൂര്യനെ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സാധാരണ സൂര്യഗ്രഹണം. എന്നാല്‍ ചില സമയങ്ങളില്‍ ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കാത്തതിനാല്‍ ചുറ്റും ഒരു വലയം ദൃശ്യമാകും. ഇതിനെയാണ് വലയ സൂര്യഗ്രഹണമെന്ന് വിളിക്കുന്നത്. യുഎഇയില്‍ 1847ലാണ് അവസാനമായി വലയ ഗ്രഹണം ദൃശ്യമായിട്ടുള്ളത്. ചുരുങ്ങിയ സമയംമാത്രം ദൃശ്യമാകുന്ന വലയ ഗ്രഹണം നഗ്നനേത്രങ്ങള്‍കൊണ്ട് ദര്‍ശിക്കാന്‍ പാടില്ല.