റാസല്‍ഖൈമ: റാസല്‍ഖൈമയിലെത്തുന്ന എല്ലാ രാജ്യാന്തര വിനോദസഞ്ചാരികള്‍ക്കും സൗജന്യ കൊവിഡ് പിസിആര്‍ പരിശോധനാ സൗകര്യം. വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാന്‍ ലക്ഷ്യമിട്ടാണ് റാസല്‍ഖൈമ സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്.

സൗജന്യ പരിശോധനാ സൗകര്യം ഈ വര്‍ഷം അവസാനം വരെ ലഭിക്കും. രാജ്യാന്തര വിനോദ സഞ്ചാരികളില്‍ എമിറേറ്റില്‍ താമസിക്കുന്നവര്‍ക്കും തിരികെ മടങ്ങുന്നവര്‍ക്കും സൗജന്യമായി കൊവിഡ് പരിശോധന നടത്താം. റാക് ആശുപത്രിയിലോ അല്‍ ഹംറ മാളിലെ റാക് മെഡിക്കല്‍ സെന്ററിലോ ഡിസംബര്‍ 31 വരെ സൗജന്യ പരിശോധന നടത്താമെന്ന് റാസല്‍ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. 

ഒക്ടോബര്‍ 15 മുതല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ യുഎഇയിലെ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും റാസല്‍ഖൈമയിലേക്ക് പോകാമെന്ന് ചൊവ്വാഴ്ച അധികൃതര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് റാസല്‍ഖൈമ സൗജന്യ കൊവിഡ് പരിശോധാ സൗകര്യം ഒരുക്കിയത്.