മുന്‍കൂര്‍ അനുമതി നേടി നടത്തിയ വിവാഹ ആഘോഷത്തില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് മൂലമാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.

റാസല്‍ഖൈമ: കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ആഘോഷം നടത്തിയ വിവാഹ വേദി റാസല്‍ഖൈമ എക്കണോമിക് വിഭാഗം അടച്ചുപൂട്ടി പിഴ ചുമത്തി. വെള്ളിയാഴ്ചയാണ് സാമൂഹിക അകലം പാലിക്കാതെയും കൃത്യമായി മാസ്‌ക് ധരിക്കാതെയും അതിഥികള്‍ ഒത്തുചേര്‍ന്നതോടെ വിവാഹ വേദി അധികൃതര്‍ പൂട്ടിച്ചത്.

മുന്‍കൂര്‍ അനുമതി നേടി നടത്തിയ വിവാഹ ആഘോഷത്തില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് മൂലമാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അതേസമയം ഇതിന് സമാനമായ രീതിയില്‍ അബുദാബിയില്‍ കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിവാഹം സംഘടിപ്പിച്ചവര്‍ക്കും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുമെതിരെ നിയമനടപടി എടുത്തിരുന്നു. വരന്‍, വരന്റെ പിതാവ്, വധുവിന്റെ പിതാവ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. 

കൊവിഡ് വ്യാപനം തടയുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ചടങ്ങില്‍ പങ്കെടുത്ത അതിഥികള്‍ക്കെതിരെയും നിയമനടപടി എടുത്തു. വിലക്ക് ലംഘിച്ച് ആഘോഷം നടത്തിയതിനും ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ചതിനുമാണ് വിവാഹം സംഘടിപ്പിച്ചവര്‍ക്കും അതിഥികള്‍ക്കുമെതിരെ നടപടിയെടുത്തത്.