റാസല്‍ഖൈമ: യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്താനുള്ള യുഫെസ്റ്റ് മത്സരങ്ങള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചു പിടിക്കാനുള്ള പരിശീലനത്തിലാണ് റാസല്‍ഖൈമ ഇന്ത്യന്‍സ്കൂള്‍.

കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ കൈവിട്ടുപോയ കലോത്സവ കിരീടം തിരിച്ചു പിടിക്കാനുള്ള  കഠിന ശ്രമത്തിലാണ് റാസല്‍ഖൈമ ഇന്ത്യന്‍സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. ചിട്ടയായ പരിശീലനമാണ് സ്കൂള്‍മാനേജ് മെന്‍റിന്‍റെ പിന്തുണയോടെ കലാലയത്തില്‍ നടക്കുന്നത്.

മുപ്പത്തിനാലിനങ്ങളില്‍ എല്ലാവിഭാഗങ്ങളിലും ഇക്കുറി റാസല്‍ഖൈമയിലെ കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. അധ്യാപകര്‍ക്കുപുറമെ പ്രത്യേക പരിശീലകരെവച്ചാണ് യുഫെസ്റ്റിനായുള്ള തയ്യാറെടുപ്പ്. രണ്ടുതവണ തുടര്‍ച്ചയായി നേടിയ കലാകിരീടം കഴിഞ്ഞതവണ കൈവിട്ടാപോയെങ്കിലും ഇക്കുറി ചാമ്പ്യന്‍പട്ടത്തില്‍കുറഞ്ഞതൊന്നും റാസല്‍ഖൈമ ഇന്ത്യന്‍സ്കൂള്‍ പ്രതീക്ഷിക്കുന്നില്ല.

വെള്ളി ശനി ദിവസങ്ങളില്‍ ഷാര്‍ജയില്‍ നടക്കുന്ന യുഫെസ്റ്റ് സെന്‍റ്രല്‍ സോണ്‍ മത്സരങ്ങള്‍ക്കുപിന്നാലെ ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ റാസല്‍ഖൈമ ഇന്ത്യന്‍സ്കൂള്‍ നോര്‍ത്ത് സോണ്‍ മത്സരങ്ങള്‍ക്ക് വേദിയാകും. അടുത്തമാസം 5,6 തിയതികളില്‍ ഷാര്‍ജ അമിത്തി സ്കൂളില്‍ വച്ച് നടക്കുന്ന ഗ്രാന്‍റ് ഫിനാലെയിലൂടെ യുഎഇയിലെ ഇന്ത്യന്‍സ്കൂളുകളില്‍ കലാപ്തിഭകളെ കണ്ടെത്തും.