റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അതിനുള്ള സംവിധാനമായ ഔദ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ പോര്‍ട്ടലില്‍ ബുധനാഴ്ച മുതല്‍ സജ്ജമായി. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല.

ഈജിപ്ത്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുള്ളത്. എല്ലാ വിസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്ന് ജവാസാത്ത് അറിയിച്ചു. സൗദി ജവാസാത്തിന്‍റെ ‘അബ്ഷിർ’ വഴിയാണ് ഓൺലൈനായി ഇതിന് അപേക്ഷ നൽകേണ്ടത്. 

അപേക്ഷ സ്വീകരിച്ചാൽ യാത്രയുടെ തീയതി, ടിക്കറ്റ് നമ്പർ, ബുക്കിങ് വിവരങ്ങൾ എന്നിവ വ്യക്തമാക്കി കൊണ്ടുള്ള സന്ദേശം അപേക്ഷകന്‍റെ മൊബൈൽ നമ്പറിൽ ലഭിക്കും. ഇതനുസരിച്ച് അപേക്ഷകന് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്താം. ‘അബ്ഷിർ’ പോർട്ടൽ സന്ദർശിച്ച് ‘ഔദ’ എന്ന ഐക്കൺ സെലക്ട് ചെയ്യണം. ശേഷം കാണുന്ന കോളത്തിൽ ഇഖാമ നമ്പർ, ജനന തീയതി, മൊബൈൽ നമ്പർ, പുറപ്പെടുന്ന നഗരം, എത്തിച്ചേരേണ്ട വിമാനത്താവളം എന്നീ വിവരങ്ങൾ പൂരിപ്പിക്കണം. 

നിലവിൽ അബ്ഷിർ പോർട്ടലിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. റിയാദ് കിങ് ഖാലിദ്, ജിദ്ദ കിങ് അബ്ദുൽ അസീസ്, മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ്, ദമ്മാം കിങ് ഫഹദ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയായിരിക്കും യാത്ര. ഈ നഗരങ്ങൾക്ക് പുറത്തുള്ള വിദേശികൾക്കും ഈ സേവനം ലഭിക്കും.