ജിദ്ദ: സൗദി അറേബ്യയില്‍ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഇളവ് അനുവദിക്കാനുള്ള തീരുമാനം നാളെ മുതല്‍ മുതല്‍ പ്രാബല്യത്തില്‍വരും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നേരത്തെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നത്.

വ്യാവസായിക ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശി തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ ഒന്നാം തീയ്യതി മുതല്‍ അഞ്ച് വര്‍ഷത്തേക്ക് ലെവി ഇളവ് ലഭിക്കും. വ്യവസായ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സമഗ്ര സാമ്പത്തിക പരിഷ്കരണ പദ്ധതിയായ വിഷൻ 2030ന്റെ ഭാഗമായി വ്യവസായ മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാനും കയറ്റുമതി ഉയർത്താനും ലക്ഷ്യമിട്ടാണ് വ്യവസായ മേഖലകളിലെ വിദേശ തൊഴിലാളികൾക്ക് ലെവിയിൽ ഇളവ് അനുവദിക്കുന്നത്. ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്ക് സമാന രീതിയിൽ നേരത്തെ ലെവി ഇളവ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ആശ്രിത ലെവിയില്‍ ഇളവ് അനുവദിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.