പ്രവാസികൾക്ക് ഇനി മുതൽ അവരുടെ വിലാസത്തിൽ മാറ്റങ്ങൾ വരുത്താൻ ഈ സേവനത്തിലൂടെ കഴിയും

കുവൈത്ത് സിറ്റി: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേലിൽ പുതിയ സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു, പ്രവാസികൾക്ക് ഇനി മുതൽ അവരുടെ വിലാസത്തിൽ മാറ്റങ്ങൾ വരുത്താൻ ഈ സേവനത്തിലൂടെ കഴിയും. മെച്ചപ്പെട്ട പ്രവർത്തന കാര്യക്ഷമതയോടെ ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സഹേൽ ആപ്പിൽ ഈ സേവനം കൂടി ചേർത്തിരിക്കുന്നത്. മുൻപ് സിവിൽ ഐഡി മേൽവിലാസത്തിൽ മാറ്റങ്ങൾ വരുത്താൻ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്തതിന് ശേഷം ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകണമായിരുന്നു.

ഏറെക്കാലമായി കാത്തിരുന്ന ഈ സൗകര്യം, അപ്പോയിന്റ്മെന്‍റുകൾ ലഭ്യമല്ലാത്തതും വ്യക്തമല്ലാത്ത ആവശ്യകതകളും അനൗദ്യോഗിക ഇടനിലക്കാരെ ആശ്രയിക്കേണ്ടി വരുന്നതും മൂലം മാസങ്ങളായി നിലനിന്നിരുന്ന ദുരിതങ്ങൾക്ക് അവസാനം കുറിക്കും. വിലാസം മാറ്റുന്നതിനുള്ള വർധിച്ചുവരുന്ന ബുദ്ധിമുട്ടേറിയ പ്രക്രിയയെക്കുറിച്ച് താമസക്കാർ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. 

അപ്പോയിന്റ്മെന്‍റുകൾ ലഭ്യമല്ലാത്ത അവസ്ഥ, ആവശ്യമുള്ള രേഖകളുടെ ആശയക്കുഴപ്പമുണ്ടാക്കുന്ന ലിസ്റ്റ്, പിഴ ഈടാക്കാനുള്ള സാധ്യത അല്ലെങ്കിൽ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഭീഷണി എന്നിവ കാരണം പലരും ലൈസൻസില്ലാത്ത ഇടനിലക്കാരെ സമീപിക്കാൻ നിർബന്ധിതരായി. ചിലപ്പോൾ അവരുടെ വിവരങ്ങൾ പുതുക്കാൻ 130 കുവൈത്തി ദിനാർ വരെ നൽകേണ്ടി വന്നു. എന്നാൽ സഹേൽ ആപ്പിൽ വിലാസം മാറ്റുന്നതിനുള്ള സേവനം വന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമായിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം