മസ്‌കറ്റ്: ഒമാനില്‍ നിന്ന് പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് പണമയയ്ക്കുന്നത് ഗണ്യമായി കുറഞ്ഞു. അഞ്ചുവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണ് കഴിഞ്ഞ വര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയച്ചതെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

3.512 ശതകോടി റിയാലാണ് കഴിഞ്ഞ വര്‍ഷം ഒമാനില്‍ നിന്ന് വിദേശികള്‍ സ്വന്തം രാജ്യത്തേക്ക് അയച്ചത്. ഒമാനുള്‍പ്പെടെ ലോകരാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായാണിത്. 2015 മുതലാണ് വിദേശികള്‍ നാട്ടിലേക്ക് പണമയയ്ക്കുന്നതില്‍ കുറവ് വരാന്‍ തുടങ്ങിയത്. 2015ല്‍ 4.226 ശതകോടി റിയാല്‍ അയച്ചതാണ് നിലവില്‍ ഏറ്റവും കൂടുതല്‍. പിന്നീട് ഓരോ വര്‍ഷവും ഇതില്‍ കുറവ് സംഭവിച്ചുകൊണ്ടിരുന്നു. 2018ല്‍ 3.829 ശതകോടി റിയാലായിരുന്നു. എന്നാല്‍ ഈ കണക്കിലാണ് കഴിഞ്ഞ വര്‍ഷം വീണ്ടും കുറവുണ്ടായത്. എണ്ണവില കുറഞ്ഞത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ വര്‍ഷം വിദേശികളെ ബാധിച്ചിരുന്നു.

സര്‍ക്കാര്‍ മേഖലയിലും മറ്റുമുള്ള ചെലവുചുരുക്കല്‍ പദ്ധതികള്‍ നിര്‍മ്മാണ മേഖലയെ ഉള്‍പ്പെടെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതോടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുകയും ചെയ്തു. കൊവിഡ് പ്രതിസന്ധി മൂലം ഈ വര്‍ഷം വിദേശികളുടെ പണമയയ്ക്കലില്‍ വന്‍ കുറവാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് വ്യാപനവും എണ്ണ വില ഇടിവും മൂലമുണ്ടായ സാമ്പത്തിക പ്രസിന്ധി  കാരണം  ഈ വര്‍ഷം ആദ്യത്തെ 10 മാസത്തിനുള്ളില്‍ നാലുലക്ഷം വിദേശികളെങ്കിലും രാജ്യം വിട്ടിട്ടുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.