ചരിത്രത്തില്‍ ആദ്യമായി ഖത്തര്‍ റിയാലും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു.

അബുദാബി: ഇന്ത്യന്‍ രൂപ സര്‍വ്വകാല തകര്‍ച്ചയിലേക്ക്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 81.16 എന്ന നിലയിലേക്ക് എത്തി. ഇന്ത്യന്‍ രൂപ വലിയ ഇടിവ് നേരിടുമ്പോള്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്തുകയാണ് പ്രവാസികള്‍. ഇന്ത്യൻ രൂപക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ ഗൾഫ് കറൻസികൾ എത്തിയതോടെ നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്ന തിരക്കിലാണ് പ്രവാസികള്‍. 

ചരിത്രത്തില്‍ ആദ്യമായി ഖത്തര്‍ റിയാലും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. 2020 മാര്‍ച്ചിലാണ് രൂപയും റിയാലും തമ്മിലുള്ള വിനിമയ മൂല്യം 20 രൂപയായത്. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഇത് 21ലേക്കെത്തി. ഗള്‍ഫ് കറന്‍സികളുടെ എല്ലാം വിനിമയ മൂല്യം ഉയര്‍ന്നിരിക്കുകയാണ്. ഡോളറിന് എതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത്തോടെ ആണ് ഗൾഫ് കറന്സികളുടെ മൂല്യം വർധിച്ചത്. 

Read More: രൂപയുടെ മൂല്യം ഇടിഞ്ഞു, വിനിമയ നിരക്ക് കുതിച്ചു; നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്‌

ഒരു യുഎഇ ദിർഹത്തിന് 22 രൂപ എന്ന തലത്തിലേക്ക് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. വ്യാഴാഴ്ച രാവിലെ യുഎഇ ദിര്‍ഹത്തിന് 21.92 രൂപ വരെ ലഭിച്ചു. 22.03 രൂപ എന്ന നിലയിലേക്കും ഇന്നലെ എത്തി. എമിറേറ്റ്‌സ് എന്‍ ബി ഡി വഴി പണം അയച്ചവര്‍ക്ക് 21.86 രൂപ വരെ ലഭിച്ചു. ഒരു സൗദി റിയാലിന് 21.49 രൂപ. ഖത്തർ റിയാൽ 22.41 രൂപ. ഒരു ബഹ്‌റൈൻ ദിനാറിന് 214.52. കുവൈത്ത് ദിനാറിന്റെ മൂല്യം 261 രൂപക്ക് മുകളിൽ എത്തി. ഒമാൻ റിയാൽ മൂല്യം 210 രൂപ കടന്നു.

Read More: ഏറ്റവും വലിയ ഏകദിന ഇടിവിൽ രൂപ; മൂല്യത്തകർച്ച തടയാൻ ആർബിഐ

ഇതോടെ നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്കേറി. രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. വായ്‍പകള്‍ അടച്ചുതീര്‍ക്കാനുള്ളവര്‍ക്കും വിവിധ വായ്‍പകളുടെ ഇ.എം.ഐ അടയ്ക്കാനുള്ളവര്‍ക്കുമൊക്കെയാണ് ഇപ്പോഴത്തെ സാഹചര്യം ഏറ്റവുമധികം ഗുണം ചെയ്യുന്നത്.