യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ) അനുമതി നിര്‍ബന്ധമാണ്. ഇതിനായി ഐസിഎ വെബ്‌സൈറ്റ് വഴി അനുമതി നേടണം.

അബുദാബി: യാത്രാവിലക്ക് നിലവിലുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള താമസവിസക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്. യുഎഇ അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ യാത്രാവിലക്കുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് ഇളവുകളുടെ ഭാഗമായി യുഎഇയിലേക്ക് വരുന്നവര്‍ ചില നിബന്ധനകള്‍ കൂടി പാലിക്കണം.

യുഎഇയിലേക്ക് മടങ്ങുന്നവര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ) അനുമതി നിര്‍ബന്ധമാണ്. ഇതിനായി ഐസിഎ വെബ്‌സൈറ്റ് വഴി അനുമതി നേടണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും കൈവശം കരുതണം. ഈ പരിശോധനാ ഫലത്തില്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടാകണം. വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് റാപിഡ് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. യുഎഇയില്‍ എത്തിയ ശേഷവും പിസിആര്‍ പരിശോധന നടത്തേണ്ടതുണ്ട്.

യുഎഇ അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ചെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കൈവശം ഉണ്ടായിരിക്കണം. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎഇ പ്രഖ്യാപിച്ച പുതിയ ഇളവ് ബാധകമാണ്. അതേസമയം യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍സ് എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, യുഎഇയിലെ യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, യുഎഇയിലെ വിദ്യാര്‍ത്ഥികള്‍, മാനുഷിക പരിഗണന നല്‍കേണ്ടവരില്‍ സാധുവായ താമസവിസയുള്ളവര്‍, ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റ് ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും ഓഗസ്റ്റ് അഞ്ച് മുതല്‍ യുഎഇയിലേക്ക് മടങ്ങാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഇവരില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും രാജ്യത്തേക്ക് തിരികെയെത്താം. ദുബൈയില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ പങ്കെടുക്കുന്നവര്‍, എക്സിബിറ്റര്‍മാര്‍, പരിപാടികളുടെ സംഘാടകര്‍ സ്‍പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കും യുഎഇയിലേക്ക് അനുമതി നല്‍കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona