ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചുവെങ്കിലും 30 ദിവസത്തിനകം ഇയാള്‍ക്ക് മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാനാവും. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് വിചാരണയ്ക്കായി കോടതിയിലേക്ക് കൈമാറിയതെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് അല്‍ ശംസി അറിയിച്ചിരുന്നു.
അബുദാബി: യുഎഇയുടെ ഔദ്ദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ ബ്രീട്ടീഷ് പൗരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അക്കാദമിക ഗവേഷണത്തിനായി രാജ്യത്തെത്തിയ മാത്യു ഹെഡ്‍ജസ് എന്ന 31കാരന്‍ ഗവേഷണത്തിന്റെ മറവില്‍ ചാരവൃത്തി നടത്തിയെന്നാണ് കോടതി കണ്ടെത്തിയത്. വിദേശരാജ്യത്തിന് വേണ്ടി ചാരവൃത്തി നടത്തി, രാജ്യത്തിന്റെ സൈനിക, സാമ്പത്തിക, രാഷ്ട്രീയ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന പ്രവൃത്തികളിലേര്‍പ്പെട്ടു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.
ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചുവെങ്കിലും 30 ദിവസത്തിനകം ഇയാള്‍ക്ക് മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാനാവും. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് വിചാരണയ്ക്കായി കോടതിയിലേക്ക് കൈമാറിയതെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് അല്‍ ശംസി അറിയിച്ചിരുന്നു. രാജ്യത്തെ ഭരണഘടനയും നിയമസംവിധാനവും അനുവദിക്കുന്ന എല്ലാ അവകാശങ്ങളും പ്രതിക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും ബ്രിട്ടീഷ് എംബസി ഉദ്ദ്യോഗസ്ഥരുടെ സാന്നിദ്ധ്യം എല്ലാഘട്ടത്തിലും ഉറപ്പാക്കിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
ഇയാളുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ചാരവൃത്തി നടത്തിയ വിവരങ്ങള്‍ ലഭിച്ചുവെന്ന പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്തപ്പോള്‍ ഇത് സാധൂകരിക്കുന്ന മൊഴിയാണ് ഇയാള്‍ നല്‍കിയതും. കേസ് വാദിക്കാന്‍ അഭിഭാഷകരെ ലഭിക്കാത്തതിനാല്‍ യുഎഇ ഭരണകൂടം തന്നെയാണ് പ്രത്യേകം അഭിഭാഷകരെ നിയോഗിച്ചതും.
