ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളിലെയും ഏറ്റവും താഴത്തെയും സമയവ്യത്യാസം ചൂണ്ടിക്കാട്ടി പ്രമുഖ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ നീല്‍ ഡിഗ്രാസ് ടൈസന്‍ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. 

ദുബായ്: ഈ വര്‍ഷത്തെ റമദാനിലെ ആദ്യ ദിവസമായിരുന്ന ഇന്നലെ ദുബായിലെ മുസ്‍ലിംകള്‍ 14 മണിക്കൂറും 39 മിനിറ്റുമായിരുന്നു നോമ്പെടുത്തത്. എന്നാല്‍ ദുബായില്‍ തന്നെ എല്ലായിടത്തുമുള്ള നോമ്പുകാര്‍ക്ക് ഇതല്ല പകലിന്റെ ദൈര്‍ഘ്യം. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന് അറിയപ്പെടുന്ന ബുര്‍ജ് ഖലീഫയുടെ 80 മുതല്‍ മുകളിലേക്കുള്ള നിലകളില്‍ താമസിക്കുന്നവര്‍ക്ക് മറ്റുള്ളവരെക്കാള്‍ അല്‍പം വൈകിയാണ് ഇഫ്‍താര്‍.

സമുദ്രനിരപ്പില്‍ നിന്ന് ഉയരം കൂടുംതോറും സൂര്യോദയം നേരത്തെയാവുകയും അസ്‍തമയം വൈകുകയും ചെയ്യും. ഉയരം കൂടിയ മറ്റ് കെട്ടിടങ്ങള്‍ക്കും ഇതേ തത്വം ബാധകമാണ്. ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളിലെയും ഏറ്റവും താഴത്തെയും സമയവ്യത്യാസം ചൂണ്ടിക്കാട്ടി പ്രമുഖ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ നീല്‍ ഡിഗ്രാസ് ടൈസന്‍ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. 'റമദാനില്‍ സൂര്യാസ്തമയത്തോടെയാണ് വിശ്വാസികളുടെ വ്രതാനുഷ്ഠാനം അവസാനിക്കുന്നത്. എന്നാല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ താഴെ നിലയെ അപേക്ഷിച്ച് ഏറ്റവും മുകളില്‍ നാല് മിനിറ്റ് വൈകിയായിരിക്കും സൂര്യാസ്തമയം. ഭൂമിയുടെ ആകൃതിയനുസരിച്ച് മുകളിലെ നിലയിലുള്ളവര്‍ക്ക് താഴെയുള്ളവരേക്കാളധികം ചക്രവാളത്തെ വീക്ഷിക്കാനാവും' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സമുദ്രനിരപ്പില്‍ നിന്ന് ദൃശ്യമാവുന്ന ചക്രവാളത്തിലെ സൂര്യാസ്തമയം കണക്കാക്കിയാണ് നോമ്പുതുറ സമയം നിശ്ചയിക്കുന്നതെന്ന് ദുബായ് ആസ്ട്രോണമി ഗ്രൂപ്പ് സിഇഒ ഹസന്‍ അന്‍ ഹരീരി പറഞ്ഞു. ഉയരമുള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ അതില്‍ മാറ്റം വരും. അതുകൊണ്ട് 121-ാം നിലയിലെ താമസക്കാര്‍ക്ക് സുബ്‍ഹി നമസ്കാരത്തിന്റെ സമയം നേരത്തെയാവുകയും നോമ്പ് തുറ സമയം വൈകുകയും ചെയ്യും. ഫലത്തില്‍ നാല് മിനിറ്റ് കൂടി അധികമുണ്ടാകും നോമ്പിന്റെ ദൈര്‍ഘ്യം. 828 മീറ്ററാണ് ബുര്‍ജ് ഖലീഫയുടെ നീളം.