റിയാദ്: ഗൾഫ് രാജ്യങ്ങളിൽ സൗദിയൊഴികെ ബാക്കിയെല്ലായിടത്തും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അവിടങ്ങളിൽ നിന്നുള്ളവർക്ക് മക്ക, മദീന സന്ദർശനത്തിന് വിലക്കേർപ്പെടുത്തി. ആരോഗ്യ വിദഗ്ധരുടെ ശിപാർശകളെ തുടർന്നാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുണ്യനഗരങ്ങളുടെ സന്ദർശനത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. 

സൗദി അറേബ്യയിലെ പൗരന്മാരുടെയും വിദേശികളുടെയും തീർഥാടകരുടെയും ആരോഗ്യ സുരക്ഷ കണക്കെടുത്തിലാണ് തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി. സൗദിയിലെത്തുകയും തുടർച്ചയായി 14 ദിവസം ഇവിടെ താമസിക്കുകയും രോഗലക്ഷണങ്ങളൊന്നും കാണാതിരിക്കുകയും ചെയ്തവരെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അങ്ങനെയുള്ളവർ ഉംറയോ, മദീനയിലെ മസ്ജിദുന്നബവി സന്ദർശനമോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഹജ്ജ് ഉംറ മന്ത്രാലയത്തിൽ നിന്ന് ഓൺലൈൻ സംവിധാനം വഴി അനുമതി പത്രം നേടിയിരിക്കണം. 

ബഹ്റൈനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സൗദിയുമായി ബഹ്റൈനെ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‍വേയിലും ആരോഗ്യ നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ നടപടികൾ താത്കാലികവും ബന്ധപ്പെട്ട വകുപ്പുകളുടെ നിരന്തര വിലയിരുത്തലിനും വിധേയമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം നിരീക്ഷിച്ചുവരികയാണെന്നും പുതിയ സംഭവ വികാസങ്ങൾക്കനുസരിച്ച് മുൻകരുതൽ നടപടികൾ അവലോകം ചെയ്യുന്നുണ്ടെന്നും ആവശ്യമാണെങ്കിൽ അധിക നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.