തിരുവനന്തപുരം : പ്രവാസികൾക്ക് നാട്ടിൽ വരാതെ തന്നെ വോട്ടവകാശം വിനിയോഗിക്കാൻ അവസരം ഒരുക്കണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണച്ച് സംസ്‌ഥാന എൻആർഐ കമ്മീഷൻ. തൊഴിലെടുക്കുന്ന രാജ്യത്തു നിന്ന് വോട്ട് ചെയ്യുന്നതിനായി കേന്ദ്ര സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഇനിയും വൈകാതെ സാധ്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ പ്രമേയം പാസാക്കി.  ഏറെക്കാലമായുള്ള ആവശ്യത്തിൽ സംസ്ഥാനത്തെ പ്രവാസികളുടെ താൽപ്പര്യം പരിഗണിച്ചാണ് കമ്മീഷൻ അഭ്യർത്ഥന. 

എൻ.ആർ.ഐ കമ്മീഷൻ അംഗവും പ്രവാസിവോട്ട് വിഷയത്തിൽ സുപ്രീംകോടതിയിൽ ഹർജിക്കാരനുമായ സംരംഭകൻ ഡോ. ഷംഷീർ വയലിലാണ് തിരുവനന്തപുരത്ത് വെള്ളിയാഴ്ച നടന്ന കമ്മീഷൻ യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. 2014ൽ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലടക്കം നേരിട്ട കാലതാമസം ഡോ. ഷംഷീർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ ഹർജിയിൽ ഏപ്രിലിൽ തീരുമാനം എടുക്കുമെന്ന് സുപ്രീംകോടതി പരാമർശിച്ചിരുന്നു. ജനാധിപത്യ പ്രക്രിയയിൽ  പങ്കെടുക്കുകയെന്ന പ്രവാസികളുടെ ഏറെക്കാലമായുള്ള ആഗ്രഹം സഫലമാക്കാൻ കമ്മീഷൻ അഭ്യർത്ഥന ഉന്നയിക്കണമെന്ന ഡോ. ഷംഷീറിന്റെ ആവശ്യത്തെ കമ്മീഷൻ അംഗങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു. 

പ്രവാസിവോട്ട് ആവശ്യം വിപ്ലവാത്മകമാണെന്ന് കമ്മീഷൻ അംഗങ്ങൾ നിലപാടെടുത്തു. ഭാരിച്ച യാത്രാ ചിലവ് പരിഗണിച്ച് മിക്കപ്പോഴും പ്രവാസികൾ ജനാധിപത്യ അവകാശം വിനിയോഗിക്കാതിരിക്കുകയാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. 

പ്രവാസികൾക്ക് വോട്ടവകാശം പുതിയ അനുഭവം ആകുമെന്നും ഇത് എത്രയും പെട്ടന്ന് നടപ്പാക്കേണ്ടത് അവരുടെ താല്പര്യം സംരക്ഷിക്കാൻ അനിവാര്യമാണെന്നും എൻആർഐ കമ്മീഷൻ അധ്യക്ഷൻ റിട്ട:  ജസ്റ്റിസ് പിഡി രാജൻ പറഞ്ഞു. 

അനുകൂല നിലപാട് അഭ്യർഥിച്ചുള്ള പ്രമേയത്തിന്റെ ഉള്ളടക്കം കമ്മീഷൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര നിയമ മന്ത്രാലയത്തിനും സമർപ്പിക്കും. പ്രവാസികൾക്ക് പകരക്കാരെ ഉപയോഗിച്ചു വോട്ടവകാശം അനുവദിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ബിൽ 2018ൽ ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞത് കാരണം ബിൽ രാജ്യസഭയിൽ എത്താതെ അസാധുവായി. 

പിന്നീട് ബിൽ വീണ്ടും പാർലമെന്റിൽ കൊണ്ടുവരുന്നതിൽ തീരുമാനം ആയിട്ടില്ല. ആഭ്യന്തര കുടിയേറ്റക്കാർക്ക് അവരുടെ തൊഴിൽ ചെയ്യുന്ന സ്ഥലത്തു തന്നെ വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യവും സർക്കാരിന്റെയും കമ്മീഷന്റെയും പരിഗണനയിലുണ്ട്. 

വിദേശകാര്യ മന്ത്രാലയത്തിന്റെ 2012ലെ  കണക്കുകൾ പ്രകാരം 1,00,37,761 പ്രവാസികൾക്ക് വോട്ടവകാശമുണ്ട്. എന്നാൽ 11,000 പേർ മാത്രമേ വോട്ട് ചെയ്യാനായി രജിസ്റ്റർ ചെയ്തിട്ടുള്ളൂവെന്നു അതേ കണക്കുകൾ വ്യക്തമാക്കുന്നു.