റസ്റ്റോറന്റുകളില്‍ ബുഫേ സംവിധാനം ഉണ്ടാകരുത്, ശീശ സൗകര്യം അനുവദിക്കില്ല, ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യണം, ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്‍കണം, സാമൂഹിക അകലം വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ തറയില്‍ പതിക്കണം എന്നീ നിര്‍ദ്ദേശങ്ങളും അധികൃതര്‍ നല്‍കിയിട്ടുണ്ട്. 

ദോഹ: ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റുള്ള റസ്റ്റോറന്റുകള്‍ക്ക് സെപ്തംബര്‍ ഒന്നുമുതല്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത റസ്റ്റോറന്റുകള്‍ക്ക് 30 ശതമാനം ശേഷിയില്‍ മാത്രമെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.

റസ്റ്റോറന്റുകളില്‍ ബുഫേ സംവിധാനം ഉണ്ടാകരുത്, ശീശ സൗകര്യം അനുവദിക്കില്ല, ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യണം, ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്‍കണം, സാമൂഹിക അകലം വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ തറയില്‍ പതിക്കണം എന്നീ നിര്‍ദ്ദേശങ്ങളും അധികൃതര്‍ നല്‍കിയിട്ടുണ്ട്. 

മാസ്‌ക് ധരിക്കാത്തവരെയും ശരീരോഷ്മാവ് 38 ഡിഗ്രിയില്‍ കൂടുതലുള്ളവരെയും ഇഹ്തിറാസ് ആപ്പില്‍ പച്ചനിറം സ്റ്റാറ്റസ് കാണിക്കാത്തവരെയും റസ്റ്റോറന്റിനകത്ത് പ്രവേശിപ്പിക്കില്ല. മേശകള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. നീളമുള്ള ഒരു മേശ പരമാവധി അഞ്ച് പേര്‍ക്കാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമല്ല. കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ഖത്തർ ക്ലീൻ പ്രോഗ്രാം സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി www.qatarclean.com സന്ദർശിക്കണം. റസ്റ്റോറന്റുകൾക്കുള്ള അപേക്ഷ ഫോം ഡൗൺ ലോഡ് ചെയ്ത് പൂരിപ്പിച്ച് restaurants@qatarclean എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. വ്യവസ്ഥകൾ പാലിക്കുന്നവർക്കാണ് സർട്ടിഫിക്കറ്റ് ലഭിക്കുക.