Asianet News MalayalamAsianet News Malayalam

ഓണ്‍ അറൈവല്‍ വിസക്ക് നിയന്ത്രണം; ബഹ്റൈന്‍ വഴി സൗദിയിലേക്ക് പോകാനൊരുങ്ങിയ പ്രവാസികള്‍ക്ക് തിരിച്ചടി

ബഹ്റൈനില്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം കൊവിഡ് പരിശോധന നടത്തി സൗദി - ബഹ്റൈന്‍ കോസ്‍വേ വഴി റോഡ് മാര്‍ഗം തന്നെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. 

restrictions for on arrival visas in bahrain expatriates returned from airport
Author
Manama, First Published Mar 20, 2021, 7:37 PM IST

മനാമ: ഓണ്‍ അറൈവല്‍ വിസ നല്‍കുന്നതിനുള്ള നിബന്ധനകള്‍ ബഹ്റൈന്‍ കര്‍ശനമാക്കിയത് മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയായി. നിലവില്‍ യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന സൗദി വിസക്കാരായ പ്രവാസികള്‍ക്ക് ബഹ്റൈന്‍ വഴി സൗദിയിലെത്താനുള്ള വഴിയാണ് തടസപ്പെട്ടത്. കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയ മലയാളികളടക്കമുള്ളവര്‍ക്ക് വിസ ലഭിക്കാതെ മടങ്ങേണ്ടി വന്നു.

ഇന്ത്യയില്‍ നിന്ന് നേരിട്ട് സൗദി അറേബ്യയിലേക്ക് പോകാന്‍ വിമാനമില്ലാത്തതിനാല്‍ ദുബൈ സൗദിയിലേക്ക് പോകാനെത്തിയവരാണ് യാത്രാ വിലക്ക് കാരണം കുടുങ്ങിയത്. പിന്നീട് ഇവരില്‍ പലരും ഒമാന്‍ വഴിയും ബഹ്റൈന്‍ വഴിയും സൗദിയിലേക്ക് പോയിരുന്നു. ഒമാനില്‍ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയതോടെ യാത്രാ ചെലവും കൂടി. ഈ സഹാചര്യത്തിലാണ് നിരവധിപ്പേര്‍ ബഹ്റൈന്‍ വഴിയുള്ള യാത്ര തെരഞ്ഞെടുത്തത്. ബഹ്റൈനില്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം കൊവിഡ് പരിശോധന നടത്തി സൗദി - ബഹ്റൈന്‍ കോസ്‍വേ വഴി റോഡ് മാര്‍ഗം തന്നെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. നിരവധിപ്പേര്‍ ഇത്തരത്തില്‍ സൗദിയിലെത്തി ജോലികളില്‍ പ്രവേശിക്കുകയും ചെയ്‍തു. എന്നാല്‍ കഴിഞ്ഞ ദിവസം മുതലാണ് ബഹ്റൈന്‍ അധികൃതര്‍ ഓണ്‍ അറൈവല്‍ വിസ ചട്ടങ്ങള്‍ കര്‍ശനമാക്കിയത്.

കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ വിസയുള്ളവര്‍ക്ക് ബഹ്റൈനില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുമായിരുന്നു. എന്നാല്‍ ഇത് ഉയര്‍ന്ന തസ്‍തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തകയാണ് ഇപ്പോള്‍ ചെയ്‍തിരിക്കുന്നത്. നിയന്ത്രണം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്ന് ബഹ്റൈനിലെത്തിയ നിരവധിപ്പേരെ വിസ അനുവദിക്കാതെ അധികൃതര്‍ തിരിച്ചയച്ചു. ഇതോടെയാണ് ബഹ്റൈന്‍ വഴി സൗദിയിലെത്താനുള്ള നിരവധി പ്രവാസികളുടെ വഴിയും അടഞ്ഞത്. ഓണ്‍അറൈവല്‍ വിസ ലഭിക്കുമോയെന്ന് അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നതാണ് ഉചിതം.

Follow Us:
Download App:
  • android
  • ios