Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ സര്‍ക്കാര്‍ പിന്തുണ പ്രതീക്ഷിച്ച് യുഎഇയിലെ റീട്ടെയില്‍ മേഖല

  • 13 ശതമാനത്തോളം ചില്ലറ വിപണന സ്ഥാപനങ്ങള്‍ അത്ര വലുതല്ലാത്ത ആഘാതം പ്രതീക്ഷിക്കുമ്പോള്‍ വരുന്ന പാദത്തില്‍ അതിനെ മറികടക്കാമെന്നും കണക്കുകൂട്ടുന്നു
  •  പെരുന്നാള്‍, സ്കൂള്‍ തുറക്കല്‍ പോലുള്ള സമയങ്ങളിലെ ഷോപ്പിങ് സാധ്യതകളാണ് 65 സ്ഥാപനങ്ങളും തിരിച്ചുവരവിനായി  കണക്കാക്കുന്നത്
  • സര്‍ക്കാര്‍ നികുതി ഇളവ് നല്‍കണമെന്ന് 24 ശതമാനം സ്ഥാപങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ലൈസന്‍സ് ഫീസുകള്‍ കുറയ്ക്കണമെന്നാണ് 22 ശതമാനത്തിന്റെ ആവശ്യം.
retail sector in uae seek more  GOVERNMENT SUPPORT to overcome covid crisis
Author
UAE, First Published Apr 24, 2020, 12:13 PM IST
ദുബായ്: ദേശീയ ശുചീകരണ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ യുഎഇയിലെ ചില്ലറ വിപണന മേഖലയെ കടുത്ത സമ്മര്‍ദത്തിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അവശ്യ വസ്തുക്കളല്ലാത്തവയുടെ വിപണനം വിലക്കിയതും ഷോപ്പിങ് മാളുകള്‍ അടച്ചിടുന്നതിന്റെ ആഘാതം ഇപ്പോള്‍ തന്നെ ധനകാര്യ മേഖലയില്‍ ദൃശ്യമാകുന്നുണ്ട്. ചില്ലറ വിപണന രംഗത്ത് എത്രത്തോളം ആഴത്തില്‍ ഈ ആഘാതം പ്രതിഫലിക്കുമെന്ന കാര്യത്തിലും ഇപ്പോഴും വ്യക്തമായിട്ടില്ല.

ചില്ലറ വിപണന മേഖലയിലെ വെല്ലുവിളികള്‍ പരിശോധിക്കാന്‍ ലക്ഷ്യമിട്ട് യുഎഇയിലെ 150 പ്രമുഖ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി 'ബസ് മാനേജ്മെന്റ് ആന്റ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടിങ്' നടത്തിയ സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കി. കൊവിഡ് കാരണമായി ബിസിനസില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആഘാതം എത്രത്തോളമാണെന്നും അത് എങ്ങനെ പരിഹരിക്കാനാവുമെന്നുമാണ് സര്‍വേയിലൂടെ അന്വേഷിച്ചതെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് ബസ് എംഎംസി മാനേജിങ് ഡയറക്ടര്‍ ബേജു കുരിയേഷ് പറഞ്ഞു. പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്കായി എങ്ങനെ തയ്യാറെടുക്കാമെന്നുള്ളതിനാണ് റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കിയത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് വിപണികള്‍ തുറക്കേണ്ടത് ആവശ്യമാണ്. ഈ ആഘാതത്തെ മെച്ചപ്പെട്ട തുടര്‍ പദ്ധതികളിലൂടെ വിപണി മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷം ബിസിനസ് സ്ഥാപനങ്ങള്‍ക്കും വലിയ ആഘാതം
സര്‍വേയില്‍ പങ്കാളികളായ 75 ശതമാനം ചില്ലറ വിപണന സ്ഥാപനങ്ങളും കൊവിഡ് സൃഷ്ടിച്ചത് വലിയ തിരിച്ചടിയാണെന്ന  വിലയിരുത്തലിലാണ്. ഇവയില്‍ തന്നെ 12 ശതമാനവും അടുത്തിടെയൊന്നും ഇതില്‍ നിന്ന് കരകയറാനാവില്ലെന്നും പ്രതീക്ഷിക്കുന്നു.

വസ്ത്രവിപണനവും അനുബന്ധ മേഖലകളും, ജ്വല്ലറി, ഷോപ്പിങ് മാളുകള്‍, ഫര്‍ണിച്ചര്‍, ഹെല്‍ത്ത് ആന്റ് വെല്‍നെസ്, വിനോദം എന്നീ മേഖലകളാണ് ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്.  എന്നാല്‍ 13 ശതമാനം സ്ഥാപനങ്ങള്‍ അത്രവലിയ ആഘാതം പ്രതീക്ഷിക്കുന്നില്ല.

വരുന്ന പാദവര്‍ഷത്തില്‍ തിരിച്ചുകയറാമെന്ന പ്രതീക്ഷയാണ് അവര്‍ക്കുള്ളത്. കടകളില്‍ നേരിട്ട് പോയി സാധനങ്ങള്‍ വാങ്ങുന്ന രീതിയ്ക്ക് കുറവ് വരുന്നതും ഓണ്‍ വിപണന രംഗത്തുനിന്നുള്ള മത്സരവും ഈ ആഘാതം പിന്നെയും വര്‍ദ്ധിപ്പിക്കുമെന്ന് കണക്ക് കൂട്ടുന്നവരുമുണ്ട്.

വിതരണ ശൃംഖലയിലും ആഘാതം
ആഗോള തലത്തില്‍ തന്നെ ബാധിച്ച കൊവിഡ് ഭീഷണി വിതരണ ശൃംഖലകളെയും വലിയ അളവില്‍ ബാധിച്ചു. സര്‍വേയില്‍ പങ്കെുടുത്ത 63 ശതമാനം സ്ഥാപനങ്ങളും  ഉല്‍പ്പന്ന വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത് മറികടക്കാന്‍ മറ്റ് വഴികളാണ് ഇപ്പോള്‍ വ്യാപാരികള്‍ തേടുന്നത്. ഫുഡ് ആന്റ് ബിവറേജസ്, ഹെല്‍ത്ത് ആന്റ് വെല്‍നെസ്, വിനോദം, ഇലക്ട്രോണിക്സ് രംഗങ്ങളിലാണ് ഇത് വലിയ ആഘാതമുണ്ടാക്കുന്നത്.

എന്നാല്‍ 36 ശതമാനം വ്യാപാരികളെ വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ ബാധിച്ചിട്ടില്ല. ക്ലോത്തിങ് ആന്റ് സ്പെഷ്യാലിറ്റി മേഖലകള്‍, സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ വിപണന രംഗമാണ് ഇവയില്‍ അധികവും. ലോക്ഡൌണിന് ശേഷം അധികം പ്രശ്നങ്ങളില്ലാതെ തുടരാനാവുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ടെക്സ്റ്റൈല്‍, ടെക്നോളജി, ഗൃഹോപകരണങ്ങള്‍ എന്നിവയുടെ വ്യപാരമാണ് വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ ഏറെ നേരിടുന്നത്.

പദ്ധതികള്‍ പുനഃരാവിഷ്കരിക്കുന്നു
ഈ വര്‍ഷത്തെ ബിസിനസ് പദ്ധതികളും കണക്കുകൂട്ടലുകളും തിരുത്താന്‍ വ്യാപാരികളെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ് കൊവിഡ് കാലം. നേരത്തെ കണക്കാക്കിയതിന്റെ 75 ശതമാനമോ അതിലധികമോ മാത്രമേ അധിക സ്ഥാപനങ്ങളും ഇപ്പോള്‍ പ്രതീക്ഷിക്കുന്നുള്ളൂ. എന്നാല്‍ ലക്ഷ്യമിട്ടതിന്റെ പകുതി മാത്രമേ കൈവരിക്കാനാവൂ എന്ന കണക്കൂകൂട്ടലിലാണ് നല്ലൊരു ശതമാനം വ്യാപാരികളും.
 
പ്രവര്‍ത്തന ചിലവ് കുറയ്ക്കാനും ബിസിനസ് വ്യാപന പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനുമാണ് ആഭ്യന്തര, ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ പദ്ധതി. എന്നാല്‍ മുന്‍നിശ്ചയിച്ച വിപുലീകരണ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ തന്നെ 27 ശതമാനത്തോളം സ്ഥാപനങ്ങള്‍ പദ്ധതിയിടുന്നുവെന്നുള്ളതും ശ്രദ്ധേയമാണ്. ക്ലോത്തിങ് ആന്റ് സ്പെഷ്യാലിറ്റി, ഫുഡ് ആന്റ് ബിവറേജസ്, സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നീ മേഖലകളിലാണിത്.

മാര്‍ക്കറ്റിങ് രംഗത്തെ ആഘാതം
എക്സ്പോ 2020ന് കണക്കാക്കിയുള്ള മാര്‍ക്കറ്റിങ് പദ്ധതികളും അതിനായുള്ള ബജറ്റുമാണ് മിക്ക സ്ഥാപനങ്ങളും നേരത്തെ തന്നെ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മാര്‍ക്കറ്റിങ് ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയും ചെലവ് കുറഞ്ഞ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സാധ്യതകള്‍ പരിശോധിക്കുകയുമാണിപ്പോള്‍. ബിസിനസിന് ഉണര്‍വേകാന്‍ പ്രധാന പദ്ധതികളടങ്ങിയ യുഎഇയുടെ ബിസിനസ് കലണ്ടറിനെ ആശ്രയിക്കുകയാണ് വ്യാപാരികള്‍. ഈദ്, സ്കൂള്‍ തുറക്കല്‍, ശൈത്യകാലം പോലുള്ള വ്യാപാര സാധ്യതയുള്ള സമയങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് 65 ശതമാനം.

ആഘാതം മറികടക്കാന്‍ പല വഴികള്‍
ചില ഭൂവുടമകള്‍ സ്ഥാപനങ്ങളുടെ വാടക ഈടാക്കുന്നത് നിശ്ചിത കാലത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. വിവിധ എമിറേറ്റുകളിലെ മറ്റ് സ്ഥാപനങ്ങളും ഇതേ ആനുകൂല്യം പ്രതീക്ഷിക്കുന്നുണ്ട്.

നികുതി ഇളവുകളും ലൈസന്‍സ് ഫീസിളവും ആവശ്യപ്പെട്ട് സ്ഥാപങ്ങള്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചര്‍ച്ചയിലുമാണ്. സര്‍വേയില്‍ 24 ശതമാനം സ്ഥാപനങ്ങള്‍ നികുതി ഇളവുകളും 22 ശതമാനം ലൈസന്‍സ് ഫീസിളവുകളും ആവശ്യപ്പെട്ടു.

വിവിധ സ്ഥാപനങ്ങള്‍ വ്യത്യസ്ഥ നിലകളിലാണ് കൊവിഡ് ആഘാതം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയുടെ വിശദാംശങ്ങള്‍ www.ibuz.ae എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
 
 
Follow Us:
Download App:
  • android
  • ios