ദില്ലി: ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ നിര്‍ബന്ധമായും എയര്‍ സുവിധ സെല്‍ഫ് റിപ്പോര്‍ട്ടിങ് ഫോം പൂരിപ്പിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി അധികൃതര്‍. വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഫോം പൂരിപ്പിക്കുകയും ഫോമിന്റെ പ്രിന്റൗട്ട് കൈവശം സൂക്ഷിക്കുകയും വേണം. എയര്‍ സുവിധ സെല്‍ഫ് റിപ്പോര്‍ട്ടിങ് ഫോം പൂരിപ്പിക്കാതെ ഇന്ത്യയിലേക്ക് എത്തുന്നത് വിമാനത്താവളത്തിലെ ആരോഗ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകിക്കുന്നതിന് കാരണമാകുന്നു.

ഓണ്‍ലൈനായി പൂരിപ്പിച്ച ഫോമിന്റെ പ്രിന്റൗട്ട് യാത്രക്കാരുടെ കൈവശം നിര്‍ബന്ധമായും ഉണ്ടാകണം. ഇന്ത്യയിലേക്കെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായുള്ള കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ സംവിധാനമാണ് എയര്‍ സുവിധ. രാജ്യാന്തര യാത്രക്കാര്‍ക്കായുള്ള സെല്‍ഫ് റിപ്പോര്‍ട്ടിങ് ആന്‍ഡ് എക്‌സംപ്ഷന്‍ ഫോം പോര്‍ട്ടലാണിത്. 

https://www.newdelhiairport.in/airsuvidha/apho-registrationഎന്ന ലിങ്ക് വഴിയാണ് എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ന്യൂഡല്‍ഹി വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിലാണെങ്കിലും ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് ഈ ഫോം സ്വീകാര്യമാണ്. 

ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കുമ്പോള്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലേക്കാണ് എത്തുക. അപേക്ഷയിലുള്ള വിവരങ്ങള്‍ അറിയുന്നതിന് അപേക്ഷകര്‍ക്ക് ഇ മെയില്‍ വിലാസം നല്‍കാം. ഇന്ത്യയിലേക്ക് മടങ്ങുന്ന എല്ലാ പൗരന്മാരും നിര്‍ബന്ധമായും എയര്‍ സുവിധ സെല്‍ഫ് റിപ്പോര്‍ട്ടിങ് ഫോം പൂരിപ്പിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.