കൊവിഡ് 19 മൂലം പ്രതിസന്ധിയിലായ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക് മെയ് ഒമ്പതിന് ശനിയാഴ്ച മസ്കറ്റിൽ നിന്നും പുറപ്പെടും.
മസ്കത്ത്: കൊവിഡ് 19 മൂലം പ്രതിസന്ധിയിലായ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക് മെയ് ഒമ്പതിന് ശനിയാഴ്ച മസ്കറ്റിൽ നിന്നും പുറപ്പെടും. കൊച്ചിയിലേക്കുള്ള ഈ ആദ്യ വിമാനത്തിൽ 250 യാത്രക്കാർ ഉണ്ടാകുമെന്നാണ് ഔദ്യോഗിക വെളിപ്പെടുത്തൽ. മസ്കറ്റിൽ നിന്നുമുള്ള രണ്ടാമത്തെ വിമാനം മെയ് 12 ന് 200 യാത്രക്കാരുമായി ചെന്നൈയിലേക്ക് പറക്കും. മസ്‌കറ്റിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം തയ്യാറാക്കുന്ന പട്ടിക പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളിൽ നിന്നാണ് ടിക്കറ്റ് ലഭിക്കുക. പട്ടികയിൽ ഉൾപ്പെട്ടവരെ എംബസിയിൽ നിന്ന് ഫോൺ അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടുമെന്നും അധികൃതർ അറിയിച്ചു.
ആദ്യ ആഴ്ച കേരളത്തില്‍ എത്തുന്നത് 3150 പ്രവാസികളാണ്. കൊച്ചി ,കോഴിക്കോട് വിമാനത്താവളങ്ങളിലേക്കാണ് കൂടുതല്‍ സര്‍വ്വീസുകള്‍. തിരുവനന്തപുരത്തേക്കുളള ആദ്യ വിമാനം ഞായറാഴ്ചയെത്തും. വ്യാഴാഴ്ച നാല് വിമാനങ്ങളിലായി 800 പ്രവാസികള്‍ നാട്ടിലെത്തും. ദുബായില്‍ നിന്ന് രണ്ട് വിമാനങ്ങളും സൗദിയില്‍ നിന്നും ഖത്തറില്‍ നിന്നും ഓരോ വിമാനങ്ങള്‍ വീതവുമാണ് എത്തുന്നത്. ദുബായില്‍ നിന്നുളള ഒരു സര്‍വ്വീസും ഖത്തറില്‍ നിന്നുളള സര്‍വ്വീസും കൊച്ചി വിമാനത്താവളത്തിലേക്കും, മറ്റ് രണ്ട് സര്‍വ്വീസുകള്‍ കോഴിക്കോടേക്കുമാണുളളത്.
ആദ്യ ആഴ്ച ഏഴ് രാജ്യങ്ങളില്‍ നിന്നുളളവരാണ് നാട്ടിലെത്തുന്നത്. ദുബായ്, സൗദി, ഖത്തര്‍, ബഹറൈന്‍, കുവൈത്ത്, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 3150 പേരാണ് ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നത്. കൂടുതല്‍ പേരെത്തുന്നത് കൊച്ചിയിലാണ്.കോഴിക്കോട് 800 പേരും തിരുവനന്തപുരത്ത് 200 പേരുമാണ് ആദ്യ ആഴ്ച എത്തുന്നത്. ബ്രിട്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നും മലയാളികള്‍ വരുന്നുണ്ടെങ്കിലും അവര്‍ ആദ്യ ഘട്ടത്തില്‍ ദില്ലി അടക്കം മറ്റ് സ്ഥലങ്ങളിലേക്കാണ് എത്തുന്നത്.
മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ തന്നെ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ഗണന അനുസരിച്ചാണ് പ്രവാസികളെ തിരികെയെത്തിക്കുക. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇത് ഏകോപിപ്പിക്കാനായി അധ്യാപകരുടെ സേവനം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കില്‍ പരിശീലനം നല്‍കിയ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തും. ജോലി നഷ്ടപെട്ട് നാട്ടില്‍ മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണ്. ഇതിനുള്ള പദ്ധതികള്‍ ആലോചനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
