യാത്ര പുറപ്പെടുന്നതിന് മുമ്പ് 96 മണിക്കൂറിനിടെയുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് അടക്കമുള്ള നിബന്ധനകള്‍ പാലിക്കണം.

റാസല്‍ഖൈമ: പ്രവാസികള്‍ക്ക് ഈ മാസം 15 മുതല്‍ റാസല്‍ഖൈമ വിമാനത്താവളം വഴി മുന്‍കൂര്‍ അനുമതിയില്ലാതെ മടങ്ങിയെത്താം. സിവില്‍ ഏവിയേഷന്‍ വകുപ്പാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. യുഎഇയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി.

യാത്ര പുറപ്പെടുന്നതിന് മുമ്പ് 96 മണിക്കൂറിനിടെയുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് അടക്കമുള്ള നിബന്ധനകള്‍ പാലിക്കണം. വിമാനത്താവളത്തില്‍ എത്തിയ ശേഷമുള്ള കൊവിഡ് പരിശോധനയുടെ ചെലവ് യാത്ര ചെയ്യുന്നവരോ സ്‍പോണ്‍സര്‍മാരോ വഹിക്കണം. പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ ക്വാറന്റീന്‍ ചെലവും സ്വയം വഹിക്കണം.

നിബന്ധനകള്‍ പാലിച്ചുകൊണ്ട് സന്ദര്‍ശകര്‍ക്കും റാസല്‍ഖൈമ വിമാനത്താവളം വഴി പ്രവേശനം അനുവദിക്കും. മടക്കയാത്രാ ടിക്കറ്റുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവ നിര്‍ബന്ധമാണ്. സന്ദര്‍ശകരും യാത്ര പുറപ്പെടുന്നതിന് നാല് ദിവസത്തിനിടെയുള്ള കൊവിഡ് പരിശോധനാഫലം ഹാജരാക്കണം.