റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി നടന്നു കൊണ്ടിരുന്ന നോർക്ക ഹെൽപ് ഡെസ്ക് സമാപിച്ചു. ഇതിലൂടെ ആയിരത്തിലധികം പ്രവാസികൾ നോർക്ക അംഗത്വമെടുക്കുകയും അറുനൂറിലധികം ആളുകൾ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുകയും ചെയ്തു.
റിയാദ്: റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി നടന്നു കൊണ്ടിരിക്കുന്ന നോർക്ക ഹെൽപ് ഡെസ്ക് സമാപിച്ചു. നോർക്ക അംഗത്വമെടുക്കുവാനും നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനും പ്രവാസികൾക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഹെൽപ് ഡസ്ക് ആരംഭിച്ചിരുന്നത്. ആദ്യഘട്ടം എന്ന നിലയിൽ കെഎംസിസിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
രണ്ടാം ഘട്ടമായിട്ടാണ് നോർക്ക ഹെൽപ് ഡെസ്കിന് തുടക്കം കുറിച്ചത്. പ്രത്യേക പരിശീലനം പൂർത്തിയാക്കിയ മുപ്പത് കെഎംസിസി പ്രവർത്തകർ നോർക്ക സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി കെഎംസിസി ഓഫീസിൽ പ്രവർത്തിച്ചു വരികയാണ്. അവധി ദിനങ്ങളിൽ പൂർണ്ണമായും അല്ലാത്ത ദിവസങ്ങളിൽ വൈകുന്നേരം മുതൽ രാത്രി പത്ത് മണിവരെയാണ് ഡെസ്ക് പ്രവർത്തിച്ചിരുന്നത്. ഇതിനകം ആയിരത്തിലധികം പ്രവാസികൾ നോർക്ക അംഗത്വമെടുക്കുകയും അറുനൂറിലധികം ആളുകൾ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുകയും ചെയ്തു.
പുതിയ സർക്കാർ അധികാരത്തിൽ വന്ന ഉടനെയാണ് നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. നേരത്തെ ഉണ്ടായിരുന്ന കെയർ ഇൻഷുറൻസിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് മാറ്റങ്ങൾ കെയർ പ്ലസ് പദ്ധതിയിൽ കൊണ്ടുവന്നിട്ടുണ്ട്. എൺപത് വയസ്സ് വരെയുള്ള മാതാപിതാക്കളെ ഇതിൽ ചേർക്കുവാൻ കഴിയുന്നതാണ് ഇതിൽ പ്രധാനം. രോഗമുണ്ടെന്ന് ഡോക്ടർമാർ ഉറപ്പ് വരുത്തിയ ആളുകൾക്ക് പദ്ധതിയിൽ ചേരാൻ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്.
രണ്ട് കുട്ടികൾക്ക് പുറമെയുള്ള ഇരുപത്തി അഞ്ച് വയസ്സിന് താഴെയുള്ള മക്കളെ ഈ ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കുവാൻ കഴിയും. ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്നിവരുടെ മാതാപിതാക്കളെയും ഉൾപ്പെടുത്തുവാൻ കഴിയും. അഞ്ച് ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള വിവിധ സ്ലാബുകളിലായിട്ടാണ് പരിരക്ഷ ഉറപ്പ് നൽകുന്നത്. കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ആശുപത്രികളിൽ കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയുടെ ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഹെൽപ് ഡെസ്കിന് സെൻട്രൽ കമ്മിറ്റി സെക്രട്ടറിയായ ഷമീർ പറമ്പത്ത്, സമിതി കൺവീനർ ഫൈസൽ പൂനൂർ, ശബാബ് മട്ടന്നൂർ, അസീസ് പനമരം, ഇജാസ് തൃശ്ശൂർ, ബഷീർ ഇരുമ്പുഴി, സുധീർ വയനാട്, ഹനീഫ മൂർക്കനാട് ,നസീർ കണ്ണീരി, നിഷാദ് കരിപ്പൂർ, ജാഫർ പൂളക്കൽ, ബഷീർ ചുളളിക്കോട്, റഫീഖ് നൂറാംതോട്, ഡോ. ജലീൽ കുന്നംപുറം, ജംഷീദ് കരുവാരകുണ്ട്, ലത്തീഫ് കട്ടിപ്പാറ, മുഹമ്മദ് മയ്യിൽ ജാഫർ മയ്യിൽ, നൗഫൽ ചാപ്പപ്പടി, ഫസൽ പടന്ന, മുജീബ് വണ്ടൂർ, ഫിറോസ് വളളിക്കുന്ന്, സലാം മേപ്പാടി എന്നിവർ നേതൃത്വം നൽകി.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ, ട്രഷറർ അഷ്‌റഫ് വെള്ളേപ്പാടം, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ഭാരവാഹികളായ ജലീൽ തിരൂർ, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ എന്നിവർ വിവിധ ദിവസങ്ങളിൽ ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.


