ഖത്തറിൽ വിവിധ ഇടങ്ങളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. റൗദത്ത് ഉം ലെഖ്ബ ഇന്റർസെക്ഷൻ മുതൽ മർഖിയ ഇന്റർസെക്ഷൻ വരെയുള്ള എൻവിയോണ്മെന്റൽ സ്ട്രീറ്റിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ദോഹ: അറ്റകുറ്റപ്പണികളുടെ ഭാഗമായി ഖത്തറിൽ വിവിധ ഇടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അറിയിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ . റൗദത്ത് ഉം ലെഖ്ബ ഇന്റർസെക്ഷൻ മുതൽ മർഖിയ ഇന്റർസെക്ഷൻ വരെയുള്ള എൻവിയോണ്മെന്റൽ സ്ട്രീറ്റിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
സെപ്റ്റംബർ 25 രാത്രി 11 മണി മുതൽ സെപ്റ്റംബർ 28 പുലർച്ചെ 5 മണി വരെ മൂന്ന് ദിവസത്തേക്കാണ് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുക. റാസ് അബു അബൂദ് സ്ട്രീറ്റിലെ സ്ലോ ലെയ്നുകളിലും താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അഷ്ഗാൽ അറിയിച്ചു. സെപ്റ്റംബർ 26 വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണി മുതൽ ഞായറാഴ്ച രാവിലെ അഞ്ചു മണി വരെയായിരിക്കും ഗതാഗത നിയന്ത്രണം. കോർണിഷിലേക്കുള്ള സർവിസ് റോഡുകളുടെ വിവിധ പ്രവേശന കവാടങ്ങളും എക്സിറ്റുകളും ഇതിൽ ഉൾപ്പെടും. യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്ത്, ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ബദൽ വഴികൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അഷ്ഗാൽ ആവശ്യപ്പെട്ടു. ഒപ്പം സുരക്ഷ ഉറപ്പാക്കാൻ വാഹന യാത്രക്കാർ വേഗപരിധി പാലിക്കണമെന്നും സൂചന ബോർഡുകൾ ശ്രദ്ധിക്കണമെന്നും അഷ്ഗാൽ അധികൃതർ നിർദേശിച്ചു.


