റിയാദ്: വാഹനങ്ങള്‍ റോഡുകളിലെ ട്രാക്കുകള്‍ ലംഘിക്കുന്നോ എന്ന് നിരീക്ഷിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം സൗദി അറേബ്യയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക്. പുതുതായി അഞ്ച് മേഖലകളില്‍ കൂടിയാണ് ട്രാക്ക് നിരീക്ഷണം ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കുന്നതെന്ന് സൗദി ട്രാഫിക് വകുപ്പ് അറിയിച്ചു. മക്ക, മദീന, അസീര്‍, വടക്കന്‍ അതിര്‍ത്തി പട്ടണം, അല്‍ഖുറയാത്ത് എന്നിവിടങ്ങളിലാണ് ഇത് നടപ്പാക്കുന്നത്. കൃത്യമായ സിഗ്‌നല്‍ നല്‍കാതെ ട്രാക്കുകള്‍ വാഹനം അലക്ഷ്യമായി മറികടക്കുന്നതും ട്രാക്കിനുള്ളില്ലാതെ വാഹനം ഓടിക്കുന്നതും ട്രാഫിക് നിയമലംഘനമാണ്.

300 മുതല്‍ 500 വരെ റിയാല്‍ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഈ നിയമലംഘനം കണ്ടെത്താനാണ് ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം റോഡുകളില്‍ സ്ഥാപിക്കുന്നത്. ക്യാമറയിലൂടെയാണ് നിരീക്ഷണം. ഒരു മാസം മുമ്പാണ് ഈ സംവിധാനം രാജ്യത്ത്  ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലും രണ്ടാംഘട്ടത്തില്‍ ജീസാന്‍, ത്വാഇഫ്, അല്‍ബാഹ, അല്‍ജൗഫ് എന്നിവിടങ്ങളിലും നടപ്പാക്കി. മൂന്നാംഘട്ടമായാണ് ഇപ്പോള്‍ അഞ്ച് മേഖലകളില്‍ കൂടി നടപ്പാക്കാനൊരുങ്ങുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെ രാജ്യത്തെ എല്ലാ പട്ടണങ്ങളിലും ഈ സംവിധാനം നടപ്പാകുമെന്ന് ട്രാഫിക് മേധാവി കേണല്‍ മുഹമ്മദ് അല്‍ബസാമി അറിയിച്ചു.