പരമ്പരാഗത അയ്യാല നൃത്തം ചെയ്ത് റോബോട്ടുകൾ. അബുദാബി ഓട്ടോണമസ് വീക്കിലാണ് കുഞ്ഞൻ റോബോർട്ടുകള്‍ കൗതുക കാഴ്ചയായത്. ബാരിസ്റ്റകളായും ഡെലിവറി ഏജന്റുമാരായും പ്രവർത്തിക്കുന്ന ഹ്യൂമനോയിഡുകൾക്കൊപ്പം ശ്രദ്ധാകേന്ദ്രമായത് നൃത്തം ചെയ്ത റോബോട്ടുകളായിരുന്നു.

അബുദാബി: എമിറാത്തി തലപ്പാവ് ധരിച്ച് പരമ്പരാഗത അയ്യാല നൃത്തം ചെയ്ത് റോബോട്ടുകൾ. നവംബർ 15 വരെ യാസ് മറീന സർക്യൂട്ടിൽ നടക്കുന്ന അബുദാബി ഓട്ടോണമസ് വീക്കിലാണ് കുഞ്ഞൻ റോബോർട്ടുകള്‍ കൗതുക കാഴ്ചയായത്. സയൻസ് ഫിക്ഷൻ സിനിമയെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ അരങ്ങേറുന്നത്. മനുഷ്യരും റോബോട്ടുകളും തോളോട് തോൾ ചേർന്ന് നടന്ന ഈ വേദിയിൽ, റോബോട്ടുകളുടെ പ്രകടനങ്ങൾ ശ്രദ്ധേയമായി.

ബാരിസ്റ്റകളായും ഡെലിവറി ഏജന്റുമാരായും പ്രവർത്തിക്കുന്ന ഹ്യൂമനോയിഡുകൾക്കൊപ്പം ശ്രദ്ധാകേന്ദ്രമായത് നൃത്തം ചെയ്ത റോബോട്ടുകളായിരുന്നു. 'ഘുത്ര' (എമിറാത്തി തലപ്പാവ്) ധരിച്ചെത്തിയ ഈ റോബോട്ടുകൾ, പരമ്പരാഗത അറബിക് പുരുഷ നൃത്തമായ 'അയ്യാല' കളിച്ചുകൊണ്ട് വേദിക്ക് ചുറ്റും നടന്നു. മനുഷ്യ നർത്തകർ വടികളേന്തി പാട്ടുകൾ പാടി ഇവരോടൊപ്പം ചേർന്നു. ചൈനീസ് കമ്പനിയായ ബൂസ്റ്റർ റോബോട്ടിക്സ് നിർമ്മിച്ച ഈ റോബോട്ട് മനുഷ്യരൂപങ്ങൾക്ക് 5,999 ഡോളർ (ഏകദേശം 22,031 ദിർഹം) മുതലാണ് വില ആരംഭിക്കുന്നത്. 'ഗീക്ക്', 'എഡ്യൂക്കേഷൻ', 'പ്രൊഫഷണൽ' എന്നിങ്ങനെ മൂന്ന് കോൺഫിഗറേഷനുകളിൽ ഇവ ലഭ്യമാണ്.

'എമിറാറ്റൈസ്ഡ്' റോബോട്ടുകൾ തെരുവിലൂടെ നടന്നു നീങ്ങിയപ്പോൾ കാഴ്ചക്കാർ അത്ഭുതത്തോടെ നോക്കി നിന്നു. ബൂസ്റ്റർ കെ1 എന്നാണ് ചെറിയ മോഡലിന് പേര്. ഇത് 2025-ലെ റോബോക്കപ്പ് സോക്കർ "കിഡ്‌സൈസ്" വിഭാഗത്തിലെ ചാമ്പ്യൻ മോഡലാണ്. 95 സെന്റീമീറ്റർ ഉയരവും 19.5 കിലോഗ്രാം ഭാരവുമുള്ള ഇതിന് 5,999 ഡോളർ മുതലാണ് വില. നൃത്തം ചെയ്യാനുള്ള പ്രത്യേക കഴിവാണ് ഇതിന്റെ ഹൈലൈറ്റ്. മുതിർന്നവരുടെ മോഡലിനെ ബൂസ്റ്റർ ടി1 എന്ന് വിളിക്കുന്നത്. ഇത് ബേസിക്, സ്റ്റാൻഡേർഡ്, കസ്റ്റമൈസ്ഡ് മോഡലുകളിൽ ലഭ്യമാണ്. ഇവ രണ്ടും അബുദാബി ഓട്ടോണമസ് വീക്കിൽ പ്രദർശിപ്പിക്കുന്നുണ്ട്. 2023-ൽ സ്ഥാപിതമായ ബൂസ്റ്റർ റോബോട്ടിക്സ്, ശാസ്ത്ര ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമാണ് പ്രാധാന്യം നൽകുന്നത്.