നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസാണ് ലഹരി വസ്‍തുക്കള്‍ കടത്താനുള്ള ആസൂത്രിത നീക്കം പരാജയപ്പെടുത്തിയത്.
മസ്‍കത്ത്: ഒമാനില്‍ 150 കിലോഗ്രാം മയക്കുമരുന്നുമായി നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസാണ് ലഹരി വസ്‍തുക്കള്‍ കടത്താനുള്ള ആസൂത്രിത നീക്കം പരാജയപ്പെടുത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു.
അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ രണ്ട് പ്രവാസികളെയും ഇന്ന് പിടികൂടി. മസ്‍കത്ത്, അല്‍ ദാഖിലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടറേറ്റുകളുടെ സഹകരണത്തോടെ അല്‍ ദാഹിറ പൊലീസ് കമാന്‍ഡ് നടത്തിയ തെരച്ചിലിലാണ് ഇവര്‍ വലയിലായത്. വീട്ടില്‍ അതിക്രമിച്ച് കയറിയ ഇരുവരും വീട്ടുടമയെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിന്റെ പഴ്‍സ്, മൊബൈല്‍ ഫോണ്‍, കാര്‍ എന്നിവ മോഷ്‍ടിക്കുകയും ചെയ്‍തു. പിടിയിലായ പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
